Sub Lead

ഒമാനില്‍ എന്‍ഒസി നിയമം നീക്കി; ജനുവരി മുതല്‍ പ്രാബല്ല്യത്തില്‍

ഒമാനില്‍ എന്‍ഒസി നിയമം നീക്കി; ജനുവരി മുതല്‍ പ്രാബല്ല്യത്തില്‍
X

മസ്‌കത്ത്: ഒമാനില്‍ പ്രവാസികള്‍ക്കുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നീക്കി. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ എന്‍ഒസി ഒഴിവാക്കല്‍ പ്രാബല്യത്തില്‍ വരും. ഇനി ഒരു തൊഴിലുടമക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴില്‍ കരാറിന്റെ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതിയാകും.

നേരത്തെ നിയമമനുസരിച്ച് ഒമാനില്‍ ഒരു ജോലി മാറി മറ്റൊരു ജോലിയില്‍ പ്രവേശിക്കുവാന്‍ ഒരു തൊഴിലാളിക്ക് എന്‍ഒസി കൂടിയേ തീരൂ. ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലുടമയില്‍ നിന്നും എന്‍ഒസി ലഭിക്കാത്ത പക്ഷം മറ്റൊരു ജോലിയില്‍ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. ഈ നിയമം അനുസരിക്കാത്ത പ്രവാസികള്‍ക്ക് പിന്നീട് രണ്ടു വര്‍ഷത്തേയ്ക്ക് ഒമാനില്‍ വരുന്നതിന് വിലക്കുണ്ടാകും. ഒമാനിലെ പ്രവാസികള്‍ ഏറെ നാളുകളായി കാത്തിരിക്കുന്നതാണ് എന്‍ഒസി നിയമത്തിന്റെ നീക്കം ചെയ്യല്‍. 2014ലാണ് ഈ നിയമം നടപ്പില്‍ വരുത്തിയത്.

വിദേശികളുടെ താമസ നിയമത്തില്‍ ഭേദഗതി വരുത്തി പോലിസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷിറൈഖി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാമത്തെ തൊഴിലുടമയുടെ വിദേശ തൊഴിലാളിയുമായുള്ള കരാറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തിന്റെ അനുമതി ആവശ്യമായി വരും. ഇതിനുള്ള വ്യവസ്ഥകള്‍ പിന്നീട് അറിയിക്കും. വിദേശ തൊഴിലാളിയുടെ റെസിഡന്‍സ് പെര്‍മിറ്റ് മാറുമ്പോള്‍ കുടുംബാംഗങ്ങളുടേതും ഒപ്പം മാറുകയും ചെയ്യും.

ഈ നിയമം ഒഴിവാക്കുന്നത് രാജ്യത്തേയ്ക്കുള്ള തൊഴിലാളികളുടെ വരവിനെ സുഗമമാക്കുകയും അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം വളര്‍ത്തുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ കഴിവുള്ള തൊഴിലാളികള്‍ ഒമാനിലെത്തുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും സ്വാധീനിക്കുമെന്നാണ് കരുതുന്നത്. അയല്‍ രാജ്യങ്ങളില്‍ പലതും ഇത്തരത്തില്‍ എന്‍ഒസിയില്‍ ഇളവ് നല്‍കിയിട്ടുള്ള സ്ഥിതിക്ക് ഒമാനിലും എത്രയും വേഗം ഈ ഭേദഗതി കൊണ്ടുവരണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it