Sub Lead

അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രവുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ടുകള്‍ 75% കുറഞ്ഞെന്ന് വിവരാവകാശ രേഖ

കേന്ദ്ര മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടുകള്‍ 2015ല്‍ 55 ആയിരുന്നത് 2020ല്‍ എത്തിയപ്പോള്‍ 14 ആയി കുറഞ്ഞെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയില്‍നിന്നു വ്യക്തമാകുന്നത്.

അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രവുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ടുകള്‍ 75% കുറഞ്ഞെന്ന് വിവരാവകാശ രേഖ
X

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് നിരവധി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയിലെ മികച്ച ഓഡിറ്റ് വിഭാഗമായ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) കഴിഞ്ഞ വര്‍ഷത്തിനിടെ മിക്കവാറും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് വിവരാവകാശ രേഖ.

കേന്ദ്ര മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടുകള്‍ 2015ല്‍ 55 ആയിരുന്നത് 2020ല്‍ എത്തിയപ്പോള്‍ 14 ആയി കുറഞ്ഞെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയില്‍നിന്നു വ്യക്തമാകുന്നത്. 75 ശതമാനം ഇടിവ് സംഭവിച്ചെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

2ജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി ബ്ലോക്ക് ലേലം, ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണം, 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവ സംബന്ധിച്ച റിപോര്‍ട്ടുകളില്‍ രാജ്യത്തെ സുപ്രധാന ഓഡിറ്റിങ് സ്ഥാപനമായ സിഎജി കോടികളുടെ ക്രമക്കേട് പുറത്തുകൊണ്ടുവന്നിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനും 2014ല്‍ ബിജെപി അധികാരത്തേറുന്നതിനും സഹായിച്ചതില്‍ ഈ റിപോര്‍ട്ടുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

മോദി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് സിഎജി റിപ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപോര്‍ട്ടുകളുടെ എണ്ണം 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. എന്നാല്‍, എണ്ണം കുത്തനെ കുറഞ്ഞെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റില്‍ തയ്യാറാക്കിയതും അവതരിപ്പിച്ചതുമായ പ്രതിരോധ ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ എണ്ണവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞതായി വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. 2017ല്‍ എട്ട് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് പൂജ്യമായിരുന്നു. റെയില്‍വേ ഓഡിറ്റ് റിപോര്‍ട്ടിന്റെ കാര്യത്തിലും കഥ സമാനമാണ്. 2017ല്‍ അഞ്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെങ്കിലും അത് 2020 ല്‍ ഒന്ന് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പൊതു പണത്തിന്റെ ചെലവ് ഓഡിറ്റ് ചെയ്യാനുള്ള പ്രാഥമിക കര്‍ത്തവ്യം സിഎജി കൃത്യമായി പാലിച്ചില്ലെന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിഎജി റിപ്പോര്‍ട്ടുകള്‍ കുത്തനെ കുറഞ്ഞതിനെ കുറിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജവഹര്‍ സര്‍ക്കാര്‍ പ്രതികരിച്ചത്.

അവസാനത്തെ രണ്ട് മൂന്ന സിഎജിമാര്‍ വിനോദ് റായിയെപ്പോലെ ആക്രമണകാരിയായിരുന്നില്ലെന്ന് മാത്രമല്ല അവര്‍ അസാധാരണമാംവിധം സൗമ്യരും മൃദുവുമായിരുന്നുവെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നോട്ട് നിരോധനം പോലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ച വിവാദപരമായ വിഷയങ്ങള്‍ പോലും സിഎജി ഓഡിറ്റിനായി എടുത്തിട്ടില്ലെന്നും അത് അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരം രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിരോധിച്ചതിന്റെ ഫലം എന്തായിരുന്നു? ഈ സ്ഥാപനം ശക്തമായി ഇടപെടേണ്ട സമയത്താണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it