Top

പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍: കനിമൊഴി എംപി

രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യത്തെയും ശ്രേഷ്ഠതയെയും തകര്‍ക്കുകയാണ് ലക്ഷ്യം. ഒരു പ്രത്യേക സമുദായത്തിനെതിരെ മാത്രമുള്ള നിയമമല്ലിത്. രാജ്യത്തെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്കെതിരെയുള്ള നിയമമായാണ് ഇതിനെ കാണേണ്ടത്. രാജ്യം മുഴുവനും ഈ നിയമം ബാധിക്കുമെന്നും കനിമൊഴി പറഞ്ഞു.വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്നാണ് മോദി പറയുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാരെയും ഒരു പോലെ കാണ്ടേണ്ട ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്. വസ്ത്രവും മതവും ആചാരങ്ങളും നോക്കി ജനങ്ങളെ വിഭജിച്ച ജര്‍മ്മനിയിലെ ചരിത്രമാണ് ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുന്നത്

പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍: കനിമൊഴി എംപി
X

കൊച്ചി: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് കനിമൊഴി എംപി.പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ് ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എംഇഎസ്) കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കനിമൊഴി.രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യത്തെയും ശ്രേഷ്ഠതയെയും തകര്‍ക്കുകയാണ് ലക്ഷ്യം. ഒരു പ്രത്യേക സമുദായത്തിനെതിരെ മാത്രമുള്ള നിയമമല്ലിത്. രാജ്യത്തെ മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ക്കെതിരെയുള്ള നിയമമായാണ് ഇതിനെ കാണേണ്ടത്. രാജ്യം മുഴുവനും ഈ നിയമം ബാധിക്കുമെന്നും കനിമൊഴി പറഞ്ഞു.വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്നാണ് മോദി പറയുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാരെയും ഒരു പോലെ കാണ്ടേണ്ട ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്.

വസ്ത്രവും മതവും ആചാരങ്ങളും നോക്കി ജനങ്ങളെ വിഭജിച്ച ജര്‍മ്മനിയിലെ ചരിത്രമാണ് ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുന്നത്. എല്ലാ തലത്തിലും വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യ. വ്യത്യസത സംസ്‌കാരവും ആചാര രീതികളും പിന്തുടരുമ്പോഴും ഒന്നിച്ചു നിന്ന് എല്ലാം വൈവിധ്യവും ആഘോഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഈ ഐക്യത്തെയാണ് ബിജെപിയും ആര്‍എസ്എസും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു-ഹിന്ദി രാഷ്ട്രമെന്ന സങ്കല്‍പമാണ് ഇതിലൂടെയെല്ലാം ലക്ഷ്യം. ഘര്‍വാപസിയിലൂടെയാണ് ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ തുടങ്ങിയത്. ഇത് പരാജയപ്പെട്ടതോടെ നിയമത്തെയും ഭരണഘടനയെയും അട്ടിമറിച്ച് രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ആശങ്കയും ഭയവും സൃഷ്ടിക്കുകയാണ്. ആഘോഷങ്ങളിലും ആചാരങ്ങളിലും തങ്ങളുടെ അജണ്ട നടപ്പിലാക്കി ഹിന്ദുത്വവല്‍കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവരില്‍ നിന്ന് വൈകാതെ മഹാത്മാ ഗാന്ധിജിയെ കാവിയണിഞ്ഞ് കണ്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നും കനിമൊഴി വ്യക്തമാക്കി.

ഒരു മതത്തെ മാത്രം ലക്ഷ്യമാക്കിയുള്ള നിയമങ്ങളാണ് അടുത്തിടെ രാജ്യത്ത് നടപ്പിലാക്കിയതെല്ലാം. മുത്തലാഖ് ബില്ലും ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. മുത്തലാഖ് ബില്‍ മുസ് ലിം സ്ത്രീകളെ സംരക്ഷിക്കുന്നതിന് പകരം മുസ് ലിം പുരുഷന്‍മാരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മുത്തലാഖിനെ ആരും അനുകൂലിക്കുന്നില്ല. പക്ഷേ ഒരു മത വിഭാഗത്തെ മാത്രം ക്രിമിനല്‍ നിയമ പരിധിയില്‍ കൊണ്ടുവരുന്നിടത്താണ് എതിര്‍പ്പ്. ഒരു ദ്രാവിഡ, മതേതര പാര്‍ട്ടി എന്ന നിലയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എഐഎഡിഎംകെയുടെ നിലപാട് ഏറെ ഞെട്ടലുണ്ടാക്കി. ബിജെപിയുടെ നിഴല്‍ സര്‍ക്കാരാണ് തമിഴ്നാട് ഭരിക്കുന്നതെന്നും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരില്‍ നിന്നുണ്ടായ ഏറ്റവും ശക്തമായ നിലപാട് കേരളത്തിന്റെ മുഖ്യമന്ത്രിയില്‍ നിന്നാണെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക സ്ത്രീകളെയായിരിക്കും.നിയമം ആരാണ് പൗരന്‍ എന്നതിന് തെളിവ് ചോദിക്കുന്നു. ഭൂമിയാണ് ഏറ്റവും പ്രധാനപെട്ട രേഖ. രാജ്യത്ത് എത്ര സ്ത്രീകള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയുണ്ട്. യുദ്ധമുണ്ടായാലും ആഭ്യന്തര കലാപങ്ങളുണ്ടായാലും ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണെന്നും കനിമൊഴി പറഞ്ഞു. ജനകീയ പ്രക്ഷോഭമാണ് രാജ്യമൊട്ടാകെ ഇപ്പോള്‍ നടക്കുന്നത്. ഇതൊരു രാഷ്ട്രീയ പ്രക്ഷോഭമല്ല. വിദ്യാര്‍ഥികള്‍ അടക്കം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന സമീപനമാണ് ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നത്. ഈ അതിക്രമങ്ങളെ കുറിച്ച് ഈ നിമിഷം വരെ സര്‍ക്കാറിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്ത് നടപ്പാക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരെ ഇനിയും മൗനം പൂണ്ടിരിക്കുന്നത് ആര്‍ക്കും ഭൂഷണമാവില്ല. മൗനം ഒരു നിലപാടല്ല, മൗനമായിരിക്കുന്നതിന് അര്‍ഥം നിങ്ങള്‍ മര്‍ദിതര്‍ക്കൊപ്പമാണെന്നാണ്. ഈ നിയമം തങ്ങളെ ബാധിക്കില്ലെന്നാണ് ഒരു വിഭാഗം ഇപ്പോഴും കരുതുന്നത്. വൈകാതെ അവര്‍ നിങ്ങളെയും തേടിയെത്തുമെന്നും കനിമൊഴി വ്യക്തമാക്കി.

Next Story

RELATED STORIES

Share it