Sub Lead

മഹാരാഷ്ട്രയില്‍ എഐഎംഐഎമ്മുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി ബിജെപി; പാടില്ലെന്ന് നേതൃത്വങ്ങള്‍

മഹാരാഷ്ട്രയില്‍ എഐഎംഐഎമ്മുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി ബിജെപി; പാടില്ലെന്ന് നേതൃത്വങ്ങള്‍
X

മുംബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കാന്‍ എഐഎംഐഎമ്മുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി ബിജെപി പ്രാദേശിക ഘടകങ്ങള്‍. മഹാരാഷ്ട്രയിലെ താനെയിലെ അമ്പര്‍നാഥിലും അകോലയിലെ അകോട്ടിലുമാണ് പ്രാദേശികതലത്തില്‍ സഖ്യങ്ങള്‍ രൂപപ്പെട്ടത്. അംബര്‍നാഥിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ ഒരുമിച്ചത്. അകോട്ടിലെ പ്രാദേശിക മുന്നണിയില്‍ ബിജെപിയും എഐഎംഐഎമ്മും ഒരുമിച്ചെത്തി. ഈ മുന്നണിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രംഗത്തെത്തി. ഇത്തരം മുന്നണികള്‍ അംഗീകരിക്കാനാവില്ലെന്നും നടപടികളുണ്ടാവുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. അകോട്ടില്‍ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ എംഎല്‍എ പ്രകാശ് ഭര്‍സാഖ്‌ലയ്ക്ക് ബിജെപി നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. അതേസമയം, അംബര്‍നാഥിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹര്‍ഷവര്‍ധന്‍ സപ്കലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. പാര്‍ട്ടിയുടെ എല്ലാ കൗണ്‍സിലര്‍മാരെയും സസ്‌പെന്‍ഡും ചെയ്തു.

അകോട്ടിലെ 35 സീറ്റുകളില്‍ 33 എണ്ണത്തിലാണ് മല്‍സരം നടന്നത്. 11 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് ആറും എഐഎംഐഎമ്മിന് അഞ്ചും പ്രഹര്‍ ജനശക്തി പാര്‍ട്ടിക്ക് മൂന്നും ഉദ്ധവ് താക്കറെയുടെ ശിവസേനക്ക് രണ്ടും അജിത് പവാറിന്റെ എന്‍സിപിക്ക് രണ്ടും വിബിഎ എന്ന പാര്‍ടിക്ക് രണ്ടും ശരദ് പവാറിന്റെ എന്‍സിപിക്ക് ഒന്നും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനക്ക് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം അടക്കമുള്ളവരെ ചേര്‍ത്ത് അകോട് വികാസ് മഞ്ച് എന്ന പേരില്‍ ബിജെപി ഒരു മുന്നണി രൂപീകരിച്ചു. ബിജെപി കൗണ്‍സിലര്‍ രവി താക്കൂറിനെ ലീഡറാക്കി മുന്നണി ജില്ലാ കലക്ടര്‍ക്ക് കത്തും നല്‍കി. ഇതിനെതിരെയാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ രംഗത്തെത്തിയത്. ബിജെപിയുമായി സഖ്യം അംഗീകരിക്കാനാവില്ലെന്ന് എഐഎംഐഎം മുന്‍ എംഎല്‍എ വാരിസ് പത്താന്‍ പറഞ്ഞു. സിറ്റി കേന്ദ്രമായി മുന്നണിയുണ്ടാക്കിയെന്ന് പാര്‍ടിയുടെ ചാര്‍ജുള്ള യൂസുഫ് പഞ്ചാനി പറഞ്ഞു.

Next Story

RELATED STORIES

Share it