Big stories

ആ‌ർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല; തമിഴ‍്‍നാട് സർക്കാർ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ കേരളം അനുമതി നല്‍കിയെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിച്ചെങ്കിലും ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

ആ‌ർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല; തമിഴ‍്‍നാട് സർക്കാർ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആ‍ർഎസ്എസിന്റെ റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ നടപടി ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരേ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി, സർക്കാർ നിലപാട് ശരിവച്ചത്.

പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താവുന്നതാണെന്ന് ആ‌ർഎസ്എസിനോട് നിർദേശിച്ചു. അതിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ കേരളം അനുമതി നല്‍കിയെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിച്ചെങ്കിലും ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആര്‍എസ്എസ് അഭിഭാഷകൻ വാദിച്ചു. എന്നാൽ ഗോഡ്സെയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാൻ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ചോദിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് ഇന്നലെയാണ് സംസ്ഥാനത്താകെ തമിഴ‍്നാട് സർക്കാർ അനുമതി നിഷേധിച്ചത്. റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതി നിലനിൽക്കെയായിരുന്നു ഈ നടപടി. സുരക്ഷ ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ നടപടി.

Next Story

RELATED STORIES

Share it