ബാലാകോട്ട് ആക്രമണത്തില്‍ പാക് പട്ടാളക്കാരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

പാകിസ്താനിലെ സാധാരണക്കാരെയോ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല. മറിച്ച് പുല്‍മാവ ആക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ബാലാകോട്ട് ആക്രമണത്തില്‍ പാക് പട്ടാളക്കാരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

അഹമ്മദാബാദ്: പുല്‍വാമ ആക്രമത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ പട്ടാളക്കാരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ബിജെപിയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ആക്രമണത്തിന് പകരമായാണ് ഫെബ്രുവരി 26 ന് ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് പരിശീലന ക്യാംപ് ഇന്ത്യ തകര്‍ത്തത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമാണിത്. അല്ലാതെ, പാകിസ്താനിലെ സാധാരണക്കാരെയോ ജനങ്ങളെയോ അവരുടെ പട്ടാളത്തെയോ ആക്രമിക്കാനായിരുന്നില്ല. മറിച്ച് പുല്‍മാവ ആക്രമണത്തിന് ഉത്തരവാദികളായവരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. പാകിസ്താനിലെ സാധാരണക്കാരെ ആക്രമിക്കാതെയാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി തിരിച്ചെത്തിയത്. 2008ല്‍ മുംബൈ ആക്രമണം നടന്നപ്പോള്‍ പാകിസ്താനെ അന്താരാഷ്ട സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞില്ല. യുപിഎ സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. 1998-2004 കാലയളവില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാറാണ് ഉണ്ടായിരുന്നത്. അന്ന് സഖ്യസര്‍ക്കാരായതിനാല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഭരണമായിരുന്നു. ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ മോദി സര്‍ക്കാറിന് അത്തരം പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നില്ല. അതിനാല്‍ തന്നെ എല്ലാം കൃത്യമായി ചെയ്യാന്‍ മോദിക്ക് കഴിഞ്ഞെന്നും സുഷമ സ്വരാജ് പറഞ്ഞു. നേരത്തേ ബാലാകോട്ട് ആക്രമണത്തില്‍ 300 ജെയ്‌ഷെ മുഹമ്മദ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് ചില ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അവകാശപ്പെട്ടിരുന്നു.RELATED STORIES

Share it
Top