Sub Lead

കൊവിഡ് 19: രാജ്യത്ത് സാമൂഹ്യവ്യാപനമില്ല; ലോക്ഡൗണ്‍ സഹയകമായെന്നും കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണ്. ദേശവ്യാപക ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് അതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.

കൊവിഡ് 19: രാജ്യത്ത് സാമൂഹ്യവ്യാപനമില്ല; ലോക്ഡൗണ്‍ സഹയകമായെന്നും കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 സാമൂഹ്യ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാമൂഹ്യ വ്യാപനമുണ്ടാവുകയാണെങ്കില്‍ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. സാമൂഹ്യവ്യാപനം നടന്നാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെ രോഗത്തിന്റെ സാമൂഹ്യവ്യാപനമുള്ളതായി കണ്ടെത്തിയാല്‍ വിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്നും നിലവില്‍ രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണ്. ദേശവ്യാപക ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് അതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു. 12 ദിവസം കൊണ്ടാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 100ല്‍ നിന്ന് 1000ലേക്കുയര്‍ന്നത്. എന്നാല്‍ കുറഞ്ഞ ജനസംഖ്യയുള്ള മറ്റു ഏഴ് വികസിത രാജ്യങ്ങളില്‍ ഇതിലും കുറഞ്ഞ സമയത്തിനുള്ളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയിലേതിനേക്കാളും പലമടങ്ങാണ് വര്‍ധനവുണ്ടായി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കൂടിക്കാഴ്ച. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ലോകത്താകെയുള്ള ഇന്ത്യന്‍ അംബാസിഡര്‍മാരും ഹൈക്കമ്മീഷണര്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇത് അസാധാരണമായ സമയമാണെന്നും അസാധാരണമായ പരിഹാര മാര്‍ഗങ്ങളാണ് ഇപ്പോള്‍ ആവശ്യമെന്നും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്ക് നയതന്ത്ര പ്രതിനിധികളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

49 വിദേശികളടക്കം ആകെ 1071 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 99 പേര്‍ക്ക് രോഗം ഭേദമായി. ഒരാളെ വിദേശത്തേക്ക് മാറ്റി. കൊവിഡ് 19 പരിശോധനയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിമാനങ്ങള്‍ വഴി സംസ്ഥാനങ്ങളിലെത്തിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്യും. ഉപകരണങ്ങളുടെ വിതരണത്തിനായി എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍ വിമാനങ്ങളാണ് ഉപയോഗിക്കുക. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പുതുച്ചേരി, കോയമ്പത്തൂര്‍ ഗുവാഹത്തി, ദിബ്രുഗഡ്, അഗര്‍ത്തല, വിമാനത്താവളങ്ങളിലേക്ക് ഇത്തരത്തില്‍ ഉപകരണങ്ങള്‍ എത്തിച്ചതായും മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it