Big stories

നിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

നിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും സമ്പര്‍ക്കപ്പട്ടിക വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് ഐസിഎംആറിനും വ്യക്തമായ ഉത്തരം നല്‍കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സീറോ സര്‍വൈലന്‍സ് പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാവും. വവ്വാലിനെ പിടികൂടാതെ തന്നെ സാംപിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും. വൈറസ് വ്യാപനം തടയാന്‍ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോവുന്നുണ്ട്. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ പങ്കാളികളായി. കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും നിപ വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകളെടുത്തു. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതിനാല്‍ കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവായി. അസ്വാഭാവികമായ പനി കണ്ടെത്തിയതിനാല്‍ ഉടന്‍ ഇടപെടുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുയും ചെയ്തു. കണ്‍ട്രോള്‍ റൂം അടക്കം ആരംഭിച്ച് അടിസ്ഥാന സൗകര്യം ഉറപ്പാക്കി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തി പ്രവ!ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരും എംഎല്‍എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ആകെ 1286 പേരാണ് സമ്പര്‍ക്കട്ടികയില്‍ ഉള്‍പ്പെട്ടത്. 276 പേര്‍ ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടവരാണ്. 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. 994 പേര്‍ നിരീക്ഷണത്തിലാണ്, രോഗലക്ഷണങ്ങളുള്ള 304 പേരുടെ സാംപിളുകളാണ് ഇതുവരെ ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. ആറു പേരുടെ ഫലം പോസിറ്റീവായി.കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഒമ്പതുപേര്‍ ഐസൊലേഷനിലുണ്ട്. നിപ രോഗചികില്‍സയ്ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it