നിപ ഭീതിയൊഴിയുന്നു; ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്ടെ മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യപ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 7 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടെയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. നിപ ഭീതി കുറഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ തുടര്‍ന്നും ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏഴുമുതല്‍ 14 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് കണക്ക്. ആഗസ്ത് 29നാണ് മരിച്ച കുട്ടി ആദ്യമായി ആശുപത്രിയിലെത്തുന്നത് എന്നതിനാല്‍ രണ്ടാഴ്ച കൂടി ജാഗ്രത പുലര്‍ത്തും. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളിലുണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്.
നിലവില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ, ഈ കേസുമായി ബന്ധമുണ്ടോ, മുമ്പ് സമാനമായ ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനും ശ്രമിച്ചു. അസ്വാഭാവികമായ പനിയോ അസ്വാഭാവികമായ മരണങ്ങളോ ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നല്ല സൂചനയാണ്. ഈ പ്രദേശങ്ങളില്‍ പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. അവര്‍ക്ക് ഈ കേസുമായി ഒരു ലിങ്കുമില്ല. ഇതിനായി രണ്ട് മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയിട്ടുള്ളത്.
കൊവിഡും നിപയും പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാംപിളുകള്‍ ഇവരില്‍നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ കേന്ദ്രസംഘവും സന്ദര്‍ശിക്കുന്നുണ്ട്. കോളജ് വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ ആരോഗ്യവകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചെയ്യുന്നതാണ്. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിനെടുക്കാത്ത അധ്യാപകരുള്‍പ്പെടെയുള്ളവരുടെ കണക്കെടുക്കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. സപ്തംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ തന്നെ 77 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്‌സിനെടുത്തിട്ടുണ്ട്. അതിനാല്‍തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
കണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMT