Sub Lead

ഖിലാഫത്ത് സ്ഥാപിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് എന്‍ഐഎ പിടികൂടിയ നാല് പേരെ വെറുതെവിട്ടു

മുഹമ്മദ് ഇര്‍ഷാദ്, റഈസ് അഹ്മദ്, സായിദ് മാലിക്, മുഹമ്മദ് അസം എന്നിവര്‍ ആറ് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചിതരായത്.

ഖിലാഫത്ത് സ്ഥാപിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് എന്‍ഐഎ പിടികൂടിയ നാല് പേരെ വെറുതെവിട്ടു
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരത്തും വന്‍തോതില്‍ ഭീകരാക്രമണം നടത്തി ഇസ്്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് എന്‍ഐഎ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത നാലു മുസ്‌ലിം ചെറപ്പക്കാരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. മുഹമ്മദ് ഇര്‍ഷാദ്, റഈസ് അഹ്മദ്, സായിദ് മാലിക്, മുഹമ്മദ് അസം എന്നിവര്‍ ആറ് മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മോചിതരായത്. എന്‍ഐഎക്ക് ഇവര്‍ക്കെതിരേ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

മറ്റു പത്തു പേര്‍ക്കെതിരേ ഡല്‍ഹിയിലെ പാട്യാല ഹൗസ് പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 100 മീറ്റര്‍ അകലെ നിന്ന് റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ബോംബുകള്‍ നിര്‍മിക്കാന്‍ സംഘം പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു. ചാവേര്‍ ആക്രമണത്തിന് ശേഷം സംപ്രേക്ഷണം ചെയ്യുന്നതിന് ഇതില്‍ രണ്ട് പേര്‍ വീഡിയോ റെക്കോഡ് ചെയ്തതായും കുറ്റപത്രത്തിലുണ്ട്.

പടിഞ്ഞാറന്‍ യുപിയിലെ അംറോഹ സ്വദേശിയായ ഇര്‍ഷാദ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അംറോഹയില്‍ നിന്നു തന്നെയുള്ള അഹ്മദ് ഒരു വെല്‍ഡിങ് ഷോപ്പിലാണ് ജോലി ചെയ്യുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് മാലിക് കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദിലാണ് കഴിഞ്ഞിരുന്നത്. അസം കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയായിരുന്നു. മറ്റു 10 പേരോടൊപ്പം 2018 ഡിസംബറിലാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.

പ്രധാന പ്രതിയായ മുഹമ്മദ് സുഹൈലിന് ബോംബ് നിര്‍മാണ സാമഗ്രികളും ബോംബും ഒളിപ്പിച്ച് വയ്ക്കാനുള്ള സൗകര്യമൊരുക്കിക്കൊടുത്തത് ഇര്‍ഷാദ് ആയിരുന്നു എന്ന് കഴിഞ്ഞ ഡിസംബര്‍ 26ന് എന്‍ഐഎ പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. അഹ്മദും സഹോദരന്‍ സഈദും ചേര്‍ന്ന് ബോംബുകളും പൈപ്പ് ബോംബും നിര്‍മിക്കുന്നതിന് വന്‍തോതില്‍ വെടിമരുന്ന് ശേഖരിച്ചതായും ഭീകരാക്രമണത്തിനുള്ള റോക്കറ്റ് ലോഞ്ചര്‍ നിര്‍മിച്ചതായുമായിരുന്നു എന്‍ഐഎ ആരോപണം. അസമിനെതിരായ ആരോപണം മുഖ്യസൂത്രധാരന് ആയുധങ്ങള്‍ സംഘിടിപ്പിച്ചു കൊടുത്തു എന്നതായിരുന്നു.

എന്നാല്‍, ഇതിനൊന്നും തെളിവ് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നാലു പേരെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it