Sub Lead

അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍: ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു

അന്വേഷണ ഉദ്യോഗസ്ഥരെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍:  ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു
X

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജ്. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് പോലിസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന് വിളിക്കപ്പെടുന്ന സുനില്‍ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കോടതി നിര്‍ദേശമനുസരിച്ചാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയെന്ന് െ്രെകംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.

ബാലചന്ദ്ര കുമാറിനെ രണ്ട് വട്ടം ചോദ്യം ചെയ്തതതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡുമായി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള 'ലക്ഷ്യ'യിലെത്തിയ വിജീഷിനെയും മുഖ്യപ്രതി സുനിയെയും ചോദ്യം ചെയ്യാന്‍ ഉടന്‍ കോടതി അനുമതി തേടും. ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതി നിര്‍ദേശം.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടര്‍ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍ തന്നെ പോലിസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലിസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന അപേക്ഷയും നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it