Sub Lead

രാജി പിന്‍വലിച്ച് നവ്‌ജോത് സിദ്ധു; സ്ഥാനമേറ്റെടുക്കാന്‍ പുതിയ ഉപാധി

പഞ്ചാബില്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ ആളെ നിയമിക്കണമെന്നാണ് ആവശ്യം.

രാജി പിന്‍വലിച്ച് നവ്‌ജോത് സിദ്ധു; സ്ഥാനമേറ്റെടുക്കാന്‍ പുതിയ ഉപാധി
X

ന്യൂഡല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്‌ജോത് സിങ് സിദ്ധു പിന്‍വലിച്ചു. എന്നാല്‍, പിസിസി പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ പുതിയ ഉപാധി മുന്നോട്ട് വച്ചിരിക്കുകയാണ് അദ്ദേഹം. പഞ്ചാബില്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ ആളെ നിയമിക്കണമെന്നാണ് ആവശ്യം.

രാജി പിന്‍വലിക്കുകയാണെന്നും പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്ന അന്ന് പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നും സിദ്ധു പറഞ്ഞു. അതേസമയം, സിദ്ധു അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്ന എ പി എസ് ഡിയോളിന്റെ രാജി മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി തള്ളിക്കളഞ്ഞതായാണ് വിവരം.

ഇത് പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായിട്ടുണ്ട്. അതിനിടെ, സിദ്ധുവിന്റെ നിരന്തര വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച അഡ്വക്കറ്റ് ജനറല്‍ എ പി എസ് ഡിയോള്‍ രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിയോളിന്റെ രാജി സ്വീകരിച്ചോ അതോ തള്ളിക്കളഞ്ഞോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.

വിവാദമായ ഒരു പോലിസ് വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പോലിസുകാരന് വേണ്ടി ഹാജരായി എന്നതായിരുന്നു സിദ്ധു ഡിയോളിനെതിരെ ഉന്നയിച്ച ആരോപണം. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിയുതിര്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളിലൊരാളായ മുന്‍ പോലിസ് മേധാവി സുമേദ് സൈനിക്കായാണ് ഡിയോള്‍ കോടതിയില്‍ ഹാജരായത്. കേസ് അന്വേഷിച്ച പോലിസ് സംഘത്തിന്റെ തലവനായിരുന്ന സഹോത ഐപിഎസിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും നേരത്തെ സിദ്ധു ഉയര്‍ത്തിയിരുന്നു.

അമരീന്ദര്‍ സിങിനെ മാറ്റി ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സിദ്ധു പഞ്ചാബ് പിസിസി പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷിതമായി രാജി വെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസിലെ പടലപ്പിണക്കം കോണ്‍ഗ്രസിന് വിനയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Next Story

RELATED STORIES

Share it