Sub Lead

ദേശീയ പണിമുടക്ക് തുടങ്ങി; അവശ്യ സര്‍വീസുകള്‍ മാത്രം

ദേശീയ പണിമുടക്ക് തുടങ്ങി; അവശ്യ സര്‍വീസുകള്‍ മാത്രം
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12 വരെയാണു രണ്ടുദിവസം നീളുന്ന പൊതുപണിമുടക്ക്. കേരളത്തിലും പണിമുടക്ക് തുടങ്ങി. ഞായറാഴ്ച രാത്രി 12ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ തൊഴിലാളികളുടെ പ്രകടനത്തോടെയാണു പണിമുടക്കു തുടങ്ങിയത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ മേഖലയും പണിമുടക്കിന്റെ ഭാഗമാവുമെന്നാണു നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

ബിഎംഎസ് ഒഴികെയുള്ള 20ഓളം തൊഴിലാളി സംഘടനകളാണു പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും പൊതുഗതാഗതം നിശ്ചലമാവുകയും ചെയ്യും. കെഎസ്ആര്‍ടിസി ഇന്നും നാളെയും അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് മാത്രമായി നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കര്‍ഷക സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവരെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍വീസ് സംഘടനകള്‍ ഉള്‍പ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ഹര്‍ത്താലാവും.

എല്‍ഐസി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.

അവശ്യപ്രതിരോധസേവനനിയമം പിന്‍വലിക്കുക, കൊവിഡ് കാലപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തും പണിമുടക്ക് ജനജീവിത്തെ സാരമായി ബാധിച്ചേക്കും. 22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കില്‍ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. റേഷന്‍കടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞുവെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോവുമെന്ന നിലപാടിലാണ് യൂനിയനുകള്‍.

Next Story

RELATED STORIES

Share it