Sub Lead

മുട്ടില്‍ മരംമുറി കേസ്:എല്‍ഡിഎഫും യുഡിഎഫും കൂട്ടുപ്രതികള്‍-റോയ് അറയ്ക്കല്‍

യുഡിഎഫ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും അറസ്റ്റിലായതോടെ യുഡിഎഫിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്നും റോയി അറയ്ക്കല്‍ ആരോപിച്ചു

മുട്ടില്‍ മരംമുറി കേസ്:എല്‍ഡിഎഫും യുഡിഎഫും കൂട്ടുപ്രതികള്‍-റോയ് അറയ്ക്കല്‍
X

കൊച്ചി: വിവാദ ഉത്തരവിന്റെ മറപിടിച്ച് പട്ടയ ഭൂമിയില്‍ നിന്നു കോടികളുടെ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ എല്‍ഡിഎഫും യുഡിഎഫും കൂട്ടുപ്രതികളാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും അറസ്റ്റിലായതോടെ യുഡിഎഫിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്നും റോയി അറയ്ക്കല്‍ ആരോപിച്ചു.

കേരളാ നിയമസഭയെ പ്രതിനിധീകരിക്കുന്ന രണ്ട് എംഎല്‍എമാര്‍ നിലവിലുള്ള പാര്‍ട്ടിയാണിത്. കൂടാതെ പ്രമുഖ വാര്‍ത്താ ചാനലിനെ നിയന്ത്രിക്കുന്ന ഇദ്ദേഹത്തിന്റെ സ്വാധീനം വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ വഴിയൊരുക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അനധികൃതമായി മരം മുറിച്ചു കടത്തിയ സംഭവത്തില്‍ ആദ്യം സര്‍ക്കാരിനെതിരേ വാളെടുത്തു രംഗത്തെത്തിയ യുഡിഎഫിന്റെ പെട്ടെന്നുള്ള പിന്മാറ്റം സംശയമുയര്‍ത്തിയിരുന്നു. വിവാദ ഉത്തരവ് ഇറക്കിയതുള്‍പ്പെടെ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അറിവോടെ റവന്യൂ, വനം മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് കോടികളുടെ മരം മുറിച്ചു കടത്തിയതെന്നും റോയി അറയ്ക്കല്‍ ആരോപിച്ചു.

അഴിമതിയിലും കൊള്ളയിലും പരസ്പര സഹായ സഹകരണ മുന്നണികളായാണ് എല്‍ഡിഎഫും യുഡിഎഫും പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് കേസ് അട്ടിമറിക്കുന്നതിനാണ് ഇടതുസര്‍ക്കാരിന്റെ ഇപ്പോഴത്തെ അറസ്റ്റ് എന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ട്. മരംമുറി കേസില്‍ പ്രതിയായ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ അറസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും മൗനം പരിഹാസ്യമാണ്. കോടികളുടെ അനധികൃത മരംമുറി കേസ് അന്വേഷണം വഴിതിരിച്ചുവിടാനും ഒതുക്കി തീര്‍ക്കാനും ഇടതുവലതു മുന്നണികള്‍ നടത്തുന്ന ഒത്തുകളികള്‍ ഓരോന്നായി പുറത്തുവരികയാണ്.

എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇടതുവലതു മുന്നണികള്‍ മാറി മാറി സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്. റവന്യൂഭൂമിയില്‍ നിന്ന് അനധികൃതമായി മരംമുറിച്ചു കടത്താന്‍ ഗൂഢാലോചന നടത്തുകയും അത് വിറ്റഴിക്കുകയും ചെയ്ത കേസില്‍ പ്രതികളായ മുഴുവന്‍ പ്രതികളെയും നിയമത്തിനു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it