Sub Lead

മുസ്‌ലിം വഴിവാണിഭക്കാരനെ കുത്തി ഹിന്ദുത്വ സംഘം, 'ജയ് ശ്രീറാം' വിളിക്കാത്തതിനും കുത്തി

മുസ്‌ലിം വഴിവാണിഭക്കാരനെ കുത്തി ഹിന്ദുത്വ സംഘം, ജയ് ശ്രീറാം വിളിക്കാത്തതിനും കുത്തി
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബങ്കുരയില്‍ വഴി വാണിഭക്കാരനായ മുസ്‌ലിം വയോധികനെ ഹിന്ദുത്വ സംഘം കുത്തിപരിക്കേല്‍പ്പിച്ചു. ജയ് ശ്രീറാം എന്ന് വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പുനിസോള്‍ ഗ്രാമത്തിലെ മൈമുര്‍ അലി മണ്ഡലിന് നേരെയാണ് ആക്രമണം നടന്നത്. പ്രതികള്‍ ബങ്കുരയിലെ ലോക്പൂരിലെ കടമ്പാര പ്രദേശത്തുകാരാണ്. ബങ്കുരയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റു ആശുപത്രികളിലോ ചികില്‍സിക്കാന്‍ പോയാല്‍ കൊലപ്പെടുത്തുമെന്നും ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തിയതായി മൈമുര്‍ അലി മണ്ഡല്‍ പറഞ്ഞു. തുടര്‍ന്ന് രക്തം വാര്‍ന്ന അദ്ദേഹം സൈക്കിള്‍ ചവിട്ടി സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നും കുടുംബം അദ്ദേഹത്തെ അതേ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുറിവുകളില്‍ സ്റ്റിച്ച് ഇട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.


സെപ്റ്റംബര്‍ ആറിലെ വ്യാപാരത്തിന്റെ കലക്ടഷനുമായി സൈക്കിളില്‍ വീട്ടിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണമെന്ന് മൈമുര്‍ അലി മണ്ഡല്‍ വെളിപ്പെടുത്തി. കങ്കട്ടയിലെ ബാനര്‍ജി ഡയഗ്‌നോസ്റ്റിക് സെന്ററിന് സമീപം, ഒരു ഇ-റിക്ഷ സൈക്കിളില്‍ ഇടിച്ചു. അതിലുണ്ടായിരുന്ന ഒരാള്‍ 200 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഇരുതല മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി. 'ജയ് ശ്രീ റാം' എന്ന മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ വയറ്റില്‍ കുത്തിയെന്നും അദ്ദേഹം പറഞ്ഞു. 32 വര്‍ഷമായി ബങ്കുരയില്‍ താന്‍ ജോലിയെടുക്കുന്നുണ്ടെന്നും ഇതുവരെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വാപ്പയെ കാണുമ്പോള്‍ ശരീരം മുഴുവന്‍ രക്തമായിരുന്നുവെന്ന് മകന്‍ നസീബുദ്ദീന്‍ പറഞ്ഞു. പോവാന്‍ വേറെ ആശുപത്രി ഇല്ലാത്തതിനാല്‍ ബങ്കുറ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയെന്നും നസീബുദ്ദീന്‍ പറഞ്ഞു.

'' കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭര്‍ത്താവ്. ഇപ്പോള്‍ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ എങ്ങനെ അതിജീവിക്കും? ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ എങ്ങനെ വാങ്ങും?. ഞങ്ങള്‍ക്ക് വീണ്ടും ജോലി ചെയ്യാന്‍ കഴിയുമോ? സര്‍ക്കാര്‍ ഞങ്ങള്‍ക്ക് സുരക്ഷ നല്‍കുമോ?''-ഭാര്യ ഹാസിഫുന്‍ ബീബി ചോദിച്ചു. ബങ്കുരയില്‍ മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് മൈമുര്‍ അലി മണ്ഡലിന്റെ ഗ്രാമം. ഒരു ലക്ഷത്തില്‍ അധികം മുസ് ലിംകള്‍ പ്രദേശത്തുണ്ട്. അതില്‍ ഭൂരിപക്ഷവും ഭൂരഹിതരാണ്. കല്ല് പൊട്ടിക്കല്‍, മരം മുറിക്കല്‍, കിണറുകള്‍ കുഴിക്കല്‍, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഭൂരിഭാഗം പേരും ജോലിയെടുക്കുന്നത്. നിരവധി പേര്‍ ആക്രിക്കച്ചവടത്തിലും ഏര്‍പ്പെടുന്നു. അവര്‍ 'ടിന്‍-ഭംഗ' അല്ലെങ്കില്‍ 'ലോഹ-ഭംഗ' കച്ചവടക്കാര്‍ എന്ന് വിളിക്കുന്നു. രാവിലെ മുതല്‍ ഉച്ചവരെ ജോലി ചെയ്താല്‍ ശരാശരി 100 രൂപയാണ് ലഭിക്കുകയെന്ന് പുനിസോളിലെ ആക്രിക്കച്ചവടക്കാരനായ അക്തന്‍ അലി ഖാന്‍ പറഞ്ഞു.

ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. അടുത്തിടെ, കാര്‍മൈക്കല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളെ ബംഗ്ലാദേശികളാണെന്ന് മുദ്രകുത്തി പിടിച്ചുകൊണ്ടുപോയി. കൊല്‍ക്കത്തയിലെ ടോളിഗഞ്ച് മെട്രോ സ്റ്റേഷനില്‍ അത്തര്‍ വിറ്റതിന് ഒരു പെര്‍ഫ്യൂം വില്‍പ്പനക്കാരനെയും 'ബംഗ്ലാദേശി' എന്ന് മുദ്രകുത്തി. കൃഷിപ്പണിക്കായി കന്നുകാലികളെ കൊണ്ടുപോകുമ്പോള്‍ ദുര്‍ഗാപൂരില്‍ ഒരു കൂട്ടം മുസ്‌ലിംകളെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു.

Next Story

RELATED STORIES

Share it