Sub Lead

ടിവി ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം: അര്‍ണാബ് ഗോസ്വാമിക്ക് മുംബൈ പോലിസിന്റെ നോട്ടീസ്

സംഭവത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഗോസ്വാമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ടിവി ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം: അര്‍ണാബ് ഗോസ്വാമിക്ക് മുംബൈ പോലിസിന്റെ നോട്ടീസ്
X

മുംബൈ: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന സംഭവത്തില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കു മുംബൈ പോലിസിന്റെ നോട്ടീസ്.ഈ വര്‍ഷം ഏപ്രിലില്‍ നടന്ന പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണവും ബാന്ദ്ര കുടിയേറ്റ സംഭവവും സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് സിആര്‍പിസി 108ാം വകുപ്പ് പ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്. വര്‍ലി ഡിവിഷന്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എന്നിവര്‍ മുമ്പാകെ വെള്ളിയാഴ്ച വൈകീട്ട് നാലിന് ഹാജരാവണമെന്നാണ് നോട്ടീലില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ക്കും അവരുടെ ഡ്രൈവര്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഏപ്രില്‍ 21ന് അര്‍ണാബ് ഗോസ്വാമി റിപ്പബ്ലിക് ഭാരതത്തെക്കുറിച്ചുള്ള തന്റെ 'പുക്ത ഹെയ്ന്‍ ഭാരത്' എന്ന പരിപാടിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. കുങ്കുമ വസ്ത്രം ധരിക്കുന്നത് കുറ്റകരമാണെന്നും ഇരകള്‍ ഹിന്ദുക്കളായിരുന്നില്ലെങ്കില്‍ ആളുകള്‍ മൗനം പാലിക്കുമായിരുന്നോ എന്നുമായിരുന്നു ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ഗോസ്വാമി ഹിന്ദിയില്‍ ചോദിച്ചത്. സംഭവത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഗോസ്വാമിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഹിന്ദുക്കളും മുസ് ലിംകളും തമ്മില്‍ സാമുദായിക പൊരുത്തക്കേടും വിദ്വേഷവും സൃഷ്ടിക്കുമെന്നും ടെലിവിഷന്‍ ഷോ യൂട്യൂബില്‍ ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചതായും നോട്ടീസില്‍ പറയുന്നു.

കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ആക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പരാമര്‍ശം സാമുദായിക സമഗ്രതയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയായിരുന്നെന്നും അതിനാല്‍ നല്ല പെരുമാറ്റത്തിനായാണ് നടപടി സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമയത്ത് മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പാല്‍ഘര്‍ സംഭവത്തിന് മുമ്പ് അര്‍ണാബ് ഗോസ്വാമി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും നോട്ടീസില്‍ പറയുന്നു. ഈ സംഭവത്തിലും ഇയാള്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ റേറ്റിങ് പോയിന്റുകളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് റിപ്പബ്ലിക് ടിവിക്കും മറ്റ് രണ്ട് ചാനലുകള്‍ക്കുമെതിരേ മുംബൈ പോലിസ് ഈയിടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Mumbai Police Notice To Arnab Goswami For Palghar Lynching Case Coverage




Next Story

RELATED STORIES

Share it