Sub Lead

ഹരിത സംസ്ഥാന കമ്മിറ്റിക്കെതിരേ നടപടി; എംഎസ്എഫ് നേതാക്കളോട് വിശദീകരണം ചോദിച്ചു

ഹരിത സംസ്ഥാന കമ്മിറ്റിക്കെതിരേ നടപടി;  എംഎസ്എഫ് നേതാക്കളോട് വിശദീകരണം ചോദിച്ചു
X

കോഴിക്കോട്: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചും എംഎസ്എഫ് നേതാക്കളോട് വിശദീകരണം ചോദിച്ചും മുസ് ലിംലീഗിന്റെ നടപടി. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.


ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി കെ കുഞ്ഞാലിക്കുട്ടി, പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഹരിത നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹരിത ഭാരവാഹികളെ പാണക്കേട്ടേക്ക് വിളിപ്പിച്ചിരുന്നു. ഹരിത നേതാക്കളുടെ കുടുംബങ്ങളില്‍ സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും നടന്നു. പി കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്. അതേസമയം, ലൈംഗികാതിക്ഷേപം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാത്ത മുസ് ലിംലീഗിന്റെ നിലപാടിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it