Sub Lead

സെന്‍സസിന്റെ മറവില്‍ എന്‍പിആര്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പോപുലര്‍ ഫ്രണ്ട്

സെന്‍സസിന്റെ മറവില്‍ എന്‍പിആര്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: സെന്‍സസ് 2021ന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് ഓപറേഷന്‍സിന്റെ കൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) പ്രവര്‍ത്തനങ്ങള്‍ കൂടി നടത്താനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സെന്‍സസിനൊപ്പം എന്‍പിആര്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ വ്യക്തമാക്കിയതും ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതുമൊക്കെ രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ്. പ്രസ്താവനകളുടെ മറവില്‍ എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെന്‍സസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളിലെല്ലാം എന്‍പിആര്‍ അപ്‌ഡേഷന്‍ കൂടി നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. സെന്‍സെസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത് കേന്ദ്ര ഉത്തരവ് അനുസരിച്ചാണ്. ഈ ഉത്തരവിലും എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

ഈ ഉത്തരവുകളൊന്നും റദ്ദ് ചെയ്യാതെ എന്‍പിആര്‍ നടപടികള്‍ നടത്തില്ലെന്ന് കേരള സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഭാഗികമായേ നടപ്പാക്കുകയുള്ളൂ എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ ഉത്തരവിലൂടെ. അതിനാവട്ടെ നിയമപരമായ നിലനില്‍പ്പില്ല താനും. സെന്‍സസിന്റെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് ഓപറേഷന്‍സ് തന്നെയാണ് എന്‍പിആര്‍ അപ്‌ഡേഷന്‍ എന്ന് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളിലും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍പിആറിനായി പ്രത്യേക ചോദ്യങ്ങള്‍ ഉണ്ടാവില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറയുകയും ചെയ്തിട്ടുണ്ട്. സെന്‍സസിന്റെ കൂടെ തന്നെ എന്‍പിആര്‍ നടത്തുകയും ആ രേഖകള്‍ എന്‍പിആറിന്റെ പ്രാഥമിക രേഖകളായി പരിഗണിക്കുകയും പിന്നീട് എന്‍പിആര്‍ തുടരുകയും ചെയ്യാനുള്ള ഒളിച്ചുകളിയാണ് ഇതിലൂടെ നടക്കുന്നതെന്നാണ് വ്യക്തമാവുന്നത്. 1948ലെ സെന്‍സസ് നിയമമനുസരിച്ച് സെന്‍സസ് രേഖകള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാവില്ല. അത് മറികടക്കാന്‍ കൂടിയാണ് മുഴുവന്‍ വിജ്ഞാപനങ്ങളിലും എന്‍പിആര്‍ കൂടി സൂചിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ സെന്‍സസ് വിവരങ്ങള്‍ എന്‍പിആറിന്റെ പ്രാഥമിക വിവരങ്ങള്‍ ആയി സര്‍ക്കാരിന് മാറ്റാന്‍ കഴിയും.

കേന്ദ്ര സര്‍ക്കാരിന്റെ ഈ ഗൂഢ പദ്ധതി അറിഞ്ഞു തന്നെയാണ് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രസ്താവന നടത്തി സെന്‍സസുമായി ജനങ്ങളെ സഹകരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഒന്നുകില്‍ സര്‍ക്കാര്‍ സത്യസന്ധമായ നിലപാടെടുത്ത് മുഴുവന്‍ കേരളീയരെയും ഒരുമിപ്പിച്ച് നിര്‍ത്തി സെന്‍സസ് അടക്കമുള്ള മുഴുവന്‍ സര്‍വേകളോടും നിസ്സഹകരിച്ച് പുതിയ സമരമുഖം തുറക്കുക. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാനേ തങ്ങള്‍ക്ക് കഴിയൂ എന്ന് തുറന്ന് സമ്മതിക്കുക. ചുരുങ്ങിയ പക്ഷം മുസ്‌ലിംകള്‍ അടക്കമുള്ള ഇരകള്‍ക്ക് രക്ഷകവേഷം കെട്ടുന്നവരെ തിരിച്ചറിയാനെങ്കിലും അതുവഴി സാധിക്കും. പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ട ഭീതി നിലനില്‍ക്കുന്നതിനിടയില്‍ അതിന്റെ ആശങ്കയെ വര്‍ധിപ്പിക്കുന്ന വിധം സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുതെന്നും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ വിഭജന അജണ്ടയ്‌ക്കെതിരേ ആത്മാര്‍ത്ഥമായ നിലപാട് ഉണ്ടെങ്കില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, പി പി റഫീഖ്, ഖജാഞ്ചി കെ എച്ച് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it