Sub Lead

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം കൈയേറ്റക്കാരെ സംരക്ഷിക്കാന്‍: വെല്‍ഫെയര്‍ പാര്‍ട്ടി

ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം കൈയേറ്റക്കാരെ സംരക്ഷിക്കാന്‍: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കാന്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള പിണറായി സര്‍ക്കാര്‍ ഉത്തരവ് കൈയേറ്റ ഭൂമി വിലയ്ക്കു വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി കേസ് നിലനില്‍ക്കുന്നതിനാല്‍ 2700 ഏക്കര്‍ ഭൂമിയുടെ കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ കോട്ടയം കലക്ടറോട് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നുതോട്ടത്തിനായി ഹാരിസണ്‍ പാട്ടത്തിനെടുത്ത ഭൂമിയാണ് ഹാരിസണ്‍ നിയമ വിരുദ്ധമായി വന്‍ തുകയ്ക്ക് ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റത്. ഈ വില്‍പന നിയമപരമായി നില്‍ക്കുന്നതല്ല എന്നിരിക്കെ കോടതിയില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് പണം കിട്ടുന്ന സ്ഥിതിയുണ്ടാവും. സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച നിലപാടിന് വിരുദ്ധവുമാണിത്.

ഹാരിസണ്‍ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി പല ജില്ലകളിലായി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന് രാജമാണിക്യം കമ്മിറ്റിയടക്കം വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് നിലനില്‍ക്കുന്ന കേസുകളെയെല്ലാം ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഇപ്പോള്‍ ഇത് എസ്‌റ്റേറ്റ് അല്ലാതായാല്‍ മിച്ചഭൂമിയാവും. ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ട് കോളനികളില്‍ ഒതുക്കപ്പെട്ടിരിക്കുന്ന ദലിതരടക്കമുള്ള ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമിയാണിത്. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് അധികാരമേറ്റ നാള്‍ മുതല്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ലോക്ക് ഡൗണിന്റെ കാലത്തുള്ള സാമൂഹിക നിയന്ത്രണങ്ങളുടെ മറവില്‍ ഭൂരഹിതരുടെ അവകാശം തട്ടിയെടുത്ത കോര്‍പറേറ്റുകളെ വാഴിക്കുകയാണ് സര്‍ക്കാര്‍. പിണറായി സര്‍ക്കാരിന്റെ ഈ കൊടും വഞ്ചനയെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it