Sub Lead

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുടുംബത്തിന് കൂടുതല്‍ സഹായങ്ങളുമായി അധികൃതര്‍

കുടുംബത്തിന്റെ സംരക്ഷണം സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുടുംബത്തിന് കൂടുതല്‍ സഹായങ്ങളുമായി അധികൃതര്‍
X

തിരുവനന്തപുരം: തൈക്കാട് പട്ടിണി സഹിക്കാനാവാതെ നാലു മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുടുംബത്തിന് കൂടുതല്‍ സഹായങ്ങളുമായി അധികൃതര്‍. കുടുംബത്തിന്റെ സംരക്ഷണം സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികള്‍ അനുഭവിക്കരുത്. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനിടെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. മാതാവിന് താല്‍ക്കാലി ജോലി നല്‍കി കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിലേക്ക് മാറ്റുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. താത്കാലികാടിസ്ഥാനത്തിലാവും ജോലി നല്‍കുക. ശിശുക്ഷേമ സമിതി ദത്തെടുത്ത കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കും. നഗരസഭയുടെ ഫ്‌ലാറ്റിലേക്ക് കുടുംബത്തെ മാറ്റുമെന്നും മേയര്‍ അറിയിച്ചു. ഇന്നലെ കൈതമുക്കിലെ പുറമ്പോക്കിലുള്ള ഇവരുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന യുവതിയാണ് കടുത്ത പട്ടിണി കാരണം മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. കൈകുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു.

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കുമെന്ന വിവരം അറിയിച്ചിട്ടുണ്ട്.

പട്ടിണി സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി കുട്ടികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ വ്യക്തമാക്കിയിരുന്നു.അത്രയ്ക്ക് ദയനീയമായ അവസ്ഥയിലാണ് ഈ കുടുംബം താമസിക്കുന്നത്.

ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് ഇവരും ആറു കുട്ടികളും താമസിക്കുന്നത്. മദ്യപാനിയായ ഭര്‍ത്താവ് കുഞ്ഞിമോന്‍ കൂട്ടികളെ മര്‍ദിക്കാറുണ്ടെന്നും യുവതി ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുഞ്ഞിമോന് കൂലിത്തൊഴിലാണ്. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. അതിനൊപ്പം നിശ്ചിത സമയത്ത് മാതാപിതാക്കള്‍ക്ക് ഇവരെ അവിടെയെത്തി കാണാം. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

Next Story

RELATED STORIES

Share it