Sub Lead

യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; കൂടുതൽ ദീർഘദൂര തീവണ്ടികൾ റദ്ദാക്കുന്നു

കഴിഞ്ഞവര്‍ഷം കൊവിഡിന്റെ ആദ്യതരംഗം ശക്തമായ സമയത്ത് യാത്രാ തീവണ്ടിയോട്ടം നിര്‍ത്തിവെച്ചിരുന്നു. പാഴ്‌സല്‍-ചരക്ക് തീവണ്ടികള്‍ മാത്രമാണ് അക്കാലത്ത് ഓടിച്ചിരുന്നത്.

യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; കൂടുതൽ ദീർഘദൂര തീവണ്ടികൾ റദ്ദാക്കുന്നു
X

പാലക്കാട്: തുടര്‍ച്ചയായ അടച്ചിടലിനെത്തുടര്‍ന്ന് യാത്രക്കാരില്ലാതായതോടെ ദീര്‍ഘദൂര തീവണ്ടികളും റെയില്‍വേ താത്കാലികമായി റദ്ദാക്കിത്തുടങ്ങി. ശനിയാഴ്ചകളില്‍ കൊച്ചുവേളിയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള തീവണ്ടിയുടെ മെയ് മാസത്തെ ശേഷിക്കുന്ന യാത്രകളും തിരികെയുള്ള യാത്രകളുമാണ് ഏറ്റവും അവസാനം റദ്ദാക്കിയത്.

സേലംവഴിയുള്ള മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി പ്രതിവാര എക്‌സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസ് എന്നിവയും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. കൊവിഡിന്റെ രണ്ടാംതരംഗം ശക്തമായി അടച്ചുപൂട്ടലിലേക്കെത്തിയതോടെയാണ് തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസും കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസുമുള്‍പ്പെടെയുള്ളവ താത്കാലികമായി റദ്ദാക്കിയത്.

കഴിഞ്ഞവര്‍ഷം കൊവിഡിന്റെ ആദ്യതരംഗം ശക്തമായ സമയത്ത് യാത്രാ തീവണ്ടിയോട്ടം നിര്‍ത്തിവെച്ചിരുന്നു. പാഴ്‌സല്‍-ചരക്ക് തീവണ്ടികള്‍ മാത്രമാണ് അക്കാലത്ത് ഓടിച്ചിരുന്നത്. പിന്നിട് പ്രത്യേക വണ്ടികളെന്ന നിലയില്‍ ദീര്‍ഘദൂര വണ്ടികള്‍ ഓടിച്ചു തുടങ്ങിയെങ്കിലും ഒന്നും സ്ഥിരം വണ്ടികളെന്ന നിലയ്ക്കല്ല പരിഗണിച്ചിരുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ പാലക്കാട് ഡിവിഷന്‍വഴി 83 ജോടി വണ്ടികളാണ് പ്രത്യേക വണ്ടികളായി ഓടിയിരുന്നത്. ആദ്യഘട്ടങ്ങളില്‍ തിരക്കുണ്ടായിരുന്നെങ്കിലും മാര്‍ച്ച്, എപ്രില്‍ മാസങ്ങളായതോടെ യാത്രക്കാരുടെ എണ്ണം വല്ലാതെ കുറഞ്ഞു. സംസ്ഥാനത്തേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തിയിരുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍ എന്നിവിടങ്ങളിലേക്ക് മെയ് ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഈ സ്ഥലങ്ങളിലേക്കുള്ള വണ്ടികളിലും തിരക്ക് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

നിലവില്‍ 16 ജോടി പ്രതിദിന വണ്ടികളും ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന അഞ്ചു ജോടിയും ആഴ്ചയില്‍ രണ്ടുതവണ ഓടുന്ന ഏഴു ജോടിയും 22 ജോടി പ്രതിവാരവണ്ടികളും മാത്രമാണ് നിലവില്‍ പാലക്കാട് ഡിവിഷനിലൂടെ കടന്നുപോവുന്നത്.

Next Story

RELATED STORIES

Share it