Sub Lead

യെദിയൂരപ്പയുടെ തന്ത്രം പൊളിച്ച് എംഎല്‍എമാര്‍; വെട്ടിലായി കേന്ദ്ര നേതൃത്വം, കര്‍ണാടകയില്‍ പോര്

യെദിയൂരപ്പയുടെ തന്ത്രം പൊളിച്ച് എംഎല്‍എമാര്‍; വെട്ടിലായി കേന്ദ്ര നേതൃത്വം, കര്‍ണാടകയില്‍ പോര്
X
ബെംഗളുരു: കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ബി എസ് യദിയൂരപ്പ രാജിവച്ച് പുതിയ മുഖ്യമന്ത്രിക്ക് വഴിമാറിയെങ്കിലും സംസ്ഥാന ബിജെപിയില്‍ വീണ്ടും പാളയത്തില്‍പട. യദിയൂരപ്പയുടെ വിശ്വസ്തനെ തന്നെ ഭരണം വീണ്ടും ഏല്‍പ്പിച്ചതാണ് നേതാക്കളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അതിനിടെ, യെദിയൂരപ്പയുടെ മകന്‍ ബിവൈ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കം പാര്‍ട്ടിയില്‍ പുതിയ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ്.


പ്രായാധിക്യവും കുടുംബത്തിന്റേയും മകന്‍ ബിവൈ വിജേന്ദ്രയുടെയും ഇടപെടലുകളില്‍ ചൊടിച്ചാണ് പാര്‍ട്ടയിലെ ഒരു വിഭാഗം നേതാക്കള്‍ യെദിയൂരപ്പയ്‌ക്കെതിരേ പോരിനിറങ്ങിയത്. മന്ത്രിമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ നേതൃമാറ്റം എന്ന ആവശ്യത്തിന് കേന്ദ്രം വഴങ്ങുകയായിരുന്നു.

എന്നാല്‍, മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും ആഭ്യന്തര മന്ത്രിയും ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മയ കേന്ദ്രനേതൃത്വം പുതിയ മുഖ്യമന്ത്രിയാക്കിയതോടെയാണ് വീണ്ടും ഉള്‍പ്പിരിവുകള്‍ രൂക്ഷമായത്. യെദിയൂരപ്പ പടിയിറങ്ങുന്നതില്‍ അതൃപ്തിയുള്ള ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്തുന്നകയെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര നീക്കം. എന്നാല്‍, നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്.

അതിനിടെയാണ് ബി എസ് യെദിയൂരപ്പയുടെ മകനെ കര്‍ണാടക ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് പുതിയ എതിര്‍പ്പുകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘമാണ് നിര്‍ദ്ദേശിച്ചത്. നേരത്തേ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം യെഡി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നു. യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബിജെപി കര്‍ണാടക വൈസ് പ്രസിഡന്റ് കൂടിയായ വിജയേന്ദ്ര.

യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കാണുന്ന മകന്‍ കൂടിയാണ് അഭിഭാഷകന്‍ കൂടിയായ വിജയേന്ദ്ര. അതേസമയം നീക്കത്തിനെതിരെ എംഎല്‍എമാര്‍ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തേ തന്നെ യെദിയൂരപ്പയുടെ ഭരണകാലയളവില്‍ വിജേന്ദ്ര 'സൂപ്പര്‍ സിഎം' കളിക്കുകയാണെന്ന ആക്ഷേപം സംസ്ഥാന ബിജെപി നേതാക്കള്‍ ഉയര്‍ത്തിരുന്നു. തിരുമാനം അംഗീകരിക്കാനാകില്ലെന്നാണ് നേതാക്കളുടെ നിലപാട്. എന്നാല്‍ എതിര്‍പ്പുകള്‍ കേന്ദ്ര നേതൃത്വം പരിഗണിച്ചേക്കില്ലെന്നാണ് സൂചന.യെദിയൂരപ്പയെ പുറത്താക്കിയതില്‍ ലിംഗായത്ത് വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ലിംഗായത്ത് നേതാവിനെ തന്നെയാണ് പുതിയ മുഖ്യമന്ത്രിയായി നിയമിച്ചതെങ്കിലും സമുദായത്തിനിടയില്‍ ഉണ്ടായ അതൃപ്തി പരിഹരിക്കാന്‍ നടപടി ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, വിജേന്ദ്രയെ കൂടാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടെ നിയമിച്ചേക്കും എന്നാണ് സൂചന. ഇതര സമുദായങ്ങള്‍ക്കും പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം ഉറപ്പാക്കാനുളള ശ്രമവും ഉണ്ടാകും. അതിനിടെ, കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി പക്ഷത്തേക്ക് ചാടിച്ച് കൊണ്ടുവന്ന് മന്ത്രിപദവി നല്‍കിയ 11 പേരുടെ ഭാവി അനിശ്ചിതത്വത്തിലാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Next Story

RELATED STORIES

Share it