Sub Lead

'മുസ്‌ലിം തൊഴിലാളികള്‍ പിരിഞ്ഞുപോവണം, ഇല്ലെങ്കില്‍ വീടിന് തീയിടും; ഗുരുഗ്രാമില്‍ വീണ്ടും ഭീഷണിയുമായി വിഎച്ച്പി

മുസ്‌ലിം തൊഴിലാളികള്‍ പിരിഞ്ഞുപോവണം, ഇല്ലെങ്കില്‍ വീടിന് തീയിടും; ഗുരുഗ്രാമില്‍ വീണ്ടും ഭീഷണിയുമായി വിഎച്ച്പി
X

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‌ലിംകള്‍ക്കെതിരേ വീണ്ടും ഭീഷണി പോസ്റ്ററുമായി വിഎച്ച്പി. മുസ്‌ലിം കുടിയേറ്റ തൊഴിലാളികള്‍ പിരിഞ്ഞുപോവണമെന്നും അല്ലെങ്കില്‍ വീടുകള്‍ക്ക് തീയിടുമെന്നുമാണ് പോസറ്ററുകളിലുളളത്. ഗുരുഗ്രാമിലെ 69,70,71 എന്നീ സെക്ടറുകളില്‍ താമസിക്കുന്ന മുസ് ലിംകളായ കുടിയേറ്റ തൊഴിലാളികളുടെ മുറികള്‍ക്ക് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 'രണ്ടു ദിവസത്തിനകം ചേരികള്‍ ഒഴിയണം. അല്ലെങ്കില്‍ ഞങ്ങള്‍ ചേരികള്‍ക്ക് തീയിടും. നിങ്ങളുടെ മരണത്തിന് നിങ്ങള്‍ തന്നെ കാരണമാവും,' എന്നാണ് ഒരു പോസ്റ്ററിലെ വാചകം. അതേസമയം, മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ, സംഭവത്തില്‍ കര്‍ശന നടപടികളെടുക്കുമെന്ന് പോലിസ് അറിയിച്ചു. എന്നാല്‍ പോസ്റ്റര്‍ പതിപ്പിച്ചത് തങ്ങളല്ലെന്നാണ് വിഎച്ച്പി പറയുന്നത്. തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരോ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് വിഎച്ച്പി പ്രവര്‍ത്തകന്‍ കുല്‍ഭൂഷണ്‍ ഭരദ്വാജ് പറഞ്ഞു. നേരത്തെയും സമാനരീതിയിലുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ് ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്നായിരുന്നു ആഹ്വാനം.

ഹരിയാനയിലെ നൂഹില്‍ വിഎച്ച്പി റാലി അക്രമാസക്തമായതിനു പിന്നാലെ മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് ഹിന്ദുത്വര്‍ ശ്രമിക്കുന്നുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ തൊഴിലാളികള്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. താനും പങ്കാളിയും നഗരം വിടാന്‍ തീരുമാനിച്ചതായി സെക്ടര്‍ 70ല്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ഷാഹിദ് ഖാന്‍ പറഞ്ഞു. 'ആഗസ്ത് 21നാണ് ഞങ്ങള്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇവിടെ യാതൊരു സുരക്ഷയുമിലല്ല. എന്റെ ഭാര്യ ഗര്‍ഭിണിയാണ്. എനിക്ക് അവളുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും കാര്യത്തില്‍ പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പലരും ഗുരുഗ്രാം വിടുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. വീട്ടുജോലിക്കാരും കാര്‍ ക്ലീനര്‍മാരും ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് സെക്ടര്‍ 70ലെ തുലിപ് ഐവറി റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗമായ അജയ് ശര്‍മ പറഞ്ഞു. ഗുരുതരമായി എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് സര്‍ക്കാരും പോലിസും ഇടപെടണമെന്ന് ഗുരുഗ്രാം ജനത ആവശ്യപ്പെട്ടു.

വിവരമറിഞ്ഞ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് സ്ഥലം സന്ദര്‍ശിക്കുകയും കുടിയേറ്റക്കാര്‍ നാട്ടിലേക്ക് പോവരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. സുരക്ഷയ്ക്കു വേണ്ടി അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷിതത്വവും ഉറപ്പ് നല്‍കിയിട്ടുണ്ട്. പിന്തുണയുമായി ഞങ്ങള്‍ സമാധാന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അജയ് ശര്‍മ പറഞ്ഞു. മുസ്‌ലിം കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പോലിസ് സംഘങ്ങളെ വിന്യസിച്ചതായി അസി. പോലിസ് കമ്മീഷണര്‍ വരുണ്‍ സിംഗ്ല പറഞ്ഞു. 'പോസ്റ്റര്‍ പതിപ്പിച്ചവരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. സമാധാനം തകര്‍ക്കുന്നതിനും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പോലിസിന്റെയു ജില്ലാ ഭരണകൂടത്തിന്റെയും വിലക്ക് ലംഘിച്ച് ഇന്ന് നൂഹില്‍ വിഎച്ച്പി റാലി സംഘടിപ്പിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തില്‍ നിന്നാണ് ജാഥ ആരംഭിക്കുന്നത്. മുന്‍ കരുതലിന്റെ ഭാഗമായി നൂഹില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് റദ്ദാക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. നൂഹ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിഎച്ച്പി റാലി അക്രമത്തിന് കാരണമാക്കുമെന്നതിനാല്‍ അനുമതി നല്‍കരുതെന്ന് നിരവധി സാമൂഹികപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജാഥക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നെങ്കിലും റാലിയുമായി മുന്നോട്ടുപോവുമെന്ന് വിഎച്ച്പി വെല്ലുവിളിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it