Sub Lead

യുഎപിഎ കൂടുതല്‍ ഭീകരമാവുന്നു; ഭേദഗതി ബില്ല് ഇന്ന് പാസാക്കിയേക്കും

അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കുന്നത് കടുത്ത ദുരുപയോഗത്തിലേക്കു നയിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമഭേദഗതിയെ എതിര്‍ത്തു. എന്നാല്‍, ഭീകതരയെ തുരത്തുന്നതിന് അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി വിടേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.

യുഎപിഎ കൂടുതല്‍ ഭീകരമാവുന്നു; ഭേദഗതി ബില്ല് ഇന്ന് പാസാക്കിയേക്കും
X

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ(യുഎപിഎ)ം കൂടുതല്‍ ജനാധിപത്യ വിരുദ്ധമാക്കുന്ന ബില്‍ ലോക്‌സഭ ബുധനാഴ്ച പാസാക്കിയേക്കും. ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ബില്ല് സഭയില്‍ അവതരിപ്പിച്ചത്. അതേസമയം, അന്വേഷണ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കുന്നത് കടുത്ത ദുരുപയോഗത്തിലേക്കു നയിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമഭേദഗതിയെ എതിര്‍ത്തു. എന്നാല്‍, ഭീകതരയെ തുരത്തുന്നതിന് അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി വിടേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.

സംഘടനകള്‍ക്കു പുറമെ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്കും സര്‍ക്കാരിനും വിപുലാധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലിസിന്റെ സഹായമോ ഇടപെടലോ കൂടാതെതന്നെ എന്‍ഐഎക്ക് കണ്ടുകെട്ടാം. നേരത്തേ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വത്ത് കണ്ടുകെട്ടുന്നതിന് സംസ്ഥാന പോലിസ് മേധാവിയുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നതെങ്കില്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന്റെ അനുമതി മതിയെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഭീകരതാ കേസുകളില്‍ അന്വേഷണ അധികാരം ഡപ്യൂട്ടി സൂപ്രണ്ട് അല്ലെങ്കില്‍ എസിപി റാങ്കിലുള്ളവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി. ഇന്‍സ്‌പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉള്ളവര്‍ക്ക് കേസ് അന്വേഷിക്കാനുള്ള അധികാരം ബില്ല് എന്‍ഐഎക്ക് നല്‍കുന്നു.

അതേ സമയം, കര്‍ക്കശ നിയമമാണ് പ്രശ്‌നങ്ങള്‍ക്കു പരിഹാരമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് ചര്‍ച്ചയില്‍ സംസാരിച്ച കോണ്‍ഗ്രസിലെ മനീഷ് തിവാരി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. രാഷ്ട്രീയമായ മുന്‍കൈയിലൂടെയാണ് പ്രശ്‌ന പരിഹാരം തേടേണ്ടത്. ടാഡ, പോട്ട നിയമങ്ങളുടെ ചരിത്രം അതാണ്. ദുരുപയോഗം മുന്‍നിര്‍ത്തിയാണ് ഈ നിയമങ്ങള്‍ പിന്‍വലിച്ചത്. വാജ്‌പേയി ഭരണകാലത്ത് പോട്ട നിയമം ലഘൂകരിക്കാന്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ ആവശ്യപ്പെട്ട കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ടാഡ, പോട്ട നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നാമമാത്രം പേരാണ് ശിക്ഷിക്കപ്പെട്ടതെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റങ്ങളും ഇനി എന്‍ഐഎക്ക് അന്വേഷിക്കാമെന്നു വരുന്നു. എന്നാല്‍, സൈബര്‍ കുറ്റങ്ങളില്‍ ഏതൊക്കെയാണ് ഭീകരതയുമായി ബന്ധപ്പെടുത്തുന്നത് എന്നു വ്യക്തമല്ല. ഏതു വ്യക്തിയെയും കുരുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിക്കുന്ന നിലയാണെന്നും മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് റാങ്കിലുള്ളവര്‍ക്കുള്ള അധികാരം എന്‍ഐഎ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇന്ത്യയില്‍ ഏതെങ്കിലും വ്യക്തികള്‍ സ്വന്തമായി ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് ഉദാഹരണമില്ലെന്നിരിക്കേ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിന്റെ ന്യായീകരണം എന്താണ്. സംഘടനകളാണ് ഭീകരതയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നത്. അത്തരം സംഘടനകളെ നിരോധിക്കുകയാണ് വേണ്ടത്. യുഎപിഎയുടെ ദുരുപയോഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ആറ് മാസത്തെ കാലാവധി വച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി കൂടാതെ അറസ്റ്റും സ്വത്ത് കണ്ടുകെട്ടലും നടത്താന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ കെ ജി. മാധവ് റെഡ്ഡി പറഞ്ഞു. ഭീകരതയെ നേരിടുന്നതിന് എന്‍ഐഎ സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it