Sub Lead

നന്ദകുമാര്‍ കളരിക്കലിനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി; നടപടി കണ്ണില്‍ പൊടിയിടാന്‍, സമരം തുടരുമെന്ന് ദലിത് ഗവേഷക

നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് ഏറ്റെടുത്തു.

നന്ദകുമാര്‍ കളരിക്കലിനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി; നടപടി കണ്ണില്‍ പൊടിയിടാന്‍, സമരം തുടരുമെന്ന് ദലിത് ഗവേഷക
X

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപാ പി മോഹനന്‍ ജാതി വിവേചന പരാതി ഉന്നയിച്ച അധ്യാപകനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന എംജി സര്‍വകലാശാല ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് ഏറ്റെടുത്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിഷയത്തില്‍ ഇടപെടുകയും ദീപയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അധ്യാപകനെ മാറ്റിനിര്‍ത്തുന്നതിലെ സാങ്കേതിക തടസ്സം അറിയിക്കണമെന്ന് സര്‍വകലാശാലയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ നന്ദകുമാറിനെ നീക്കാനുള്ള തീരുമാനമുണ്ടായത്. അതേസമയം, വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. എംജി സര്‍വകലാശാല വിസി ഗവര്‍ണറുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഗവര്‍ണറെ അറിയിച്ചു.

നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും നിരാഹാരമിരിക്കുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ പി മോഹനന്‍ പ്രതികരിച്ചു. നടപടിയില്‍ തൃപ്തിയില്ല. സര്‍വകലാശാലയുടെ നടപടി മുഖവിലയ്‌ക്കെടുക്കുന്നുമില്ല. നന്ദകുമാറിനെതിരേ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമായി അറിയണം. നന്ദകുമാറിനെ വകുപ്പില്‍നിന്ന് പിരിച്ചുവിടണമെന്നാണ് തന്റെ ആവശ്യം. അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍വകലാശാലയ്ക്ക്.

സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ സാബു തോമസിനെ സ്ഥാനത്തുനിന്ന് മാറ്റണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ടിടപെടണമെന്നും ദീപ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി എംജി സര്‍വകലാശാലയിലെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിലാണ് പരാതിക്കാരിയായ ദീപ. നാനോ സയന്‍സില്‍ ഗവേഷണം നടത്താനുള്ള സൗകര്യം സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചെന്നും ജാതി വിവേചനമുണ്ടായെന്നും ആരോപിച്ചാണ് ദീപയുടെ പോരാട്ടം. നന്ദകുമാറിനെതിരേ ഗുരുതര ആരോപണങ്ങളാണ് ദീപ ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തില്‍ ദ്രോഹിച്ചു.

പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതിനാല്‍ ദീപയുടെ പ്രവേശനം തടയാന്‍ കഴിഞ്ഞില്ല. 2012 ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി താമസിപ്പിച്ചു. ഒടുവില്‍ 2015 ലാണ് ദീപയ്ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സ്വന്തമായി ദീപ തയ്യാറാക്കിയ ഡാറ്റാ മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പീഡിപ്പിച്ചു. പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബില്‍ പൂട്ടിയിട്ടും ലാബില്‍നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം ചെയ്തുവെന്നും ദീപ പരാതിപ്പെടുന്നു. കൂടാതെ നാനോ സെന്ററിലെ ഒരു ഗവേഷകനില്‍നിന്ന് ലൈംഗികാതിക്രമമുണ്ടായെന്നും ദീപ ആരോപിക്കുന്നു. അധികാരികളില്‍നിന്ന് നീതി ലഭിക്കാഞ്ഞതോടെയാണ് ദീപ നിരാഹാരസമരത്തിനിറങ്ങിയത്. ദീപ നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Next Story

RELATED STORIES

Share it