Sub Lead

ആനാവൂരിന്റെ വാദം പൊളിയുന്നു; ശുപാര്‍ശ കത്തില്‍ ജോലി കിട്ടിയവരില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനും

ആനാവൂരിന്റെ വാദം പൊളിയുന്നു; ശുപാര്‍ശ കത്തില്‍ ജോലി കിട്ടിയവരില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനും
X

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചവരില്‍ മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനും ഉള്‍പ്പെടുന്നുവെന്ന വിവരം പുറത്ത്. സിപിഎം കാട്ടാക്കട മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനാണ് തൈക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയില്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചവരില്‍ ഒരാള്‍. ജൂനിയര്‍ ക്ലര്‍ക്കായിട്ടാണ് ജെ എസ് കിരണിന്റെ നിയമനം. ഇതോടെ സഹകരണസംഘം ഉപദേശം ചോദിച്ചപ്പോള്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ന്യായീകരണം പൊളിയുകയാണ്.

ജൂനിയര്‍ ക്ലാര്‍ക്ക് വിഭാഗത്തില്‍ വി എസ് മഞ്ചു, ജെ എസ് കിരണ്‍ എന്നിവര്‍ക്ക് ജോലി നല്‍കണമെന്നതായിരുന്നു ആനാവൂരിന്റെ നിര്‍ദേശങ്ങളിലൊന്ന്. ഇതില്‍ ജെ എസ് കിരണ്‍ സിപിഎം കാട്ടാക്കട മുന്‍ ഏരിയാ സെക്രട്ടറി കാട്ടാക്കട ശശിയുടെ മകനാണ്. പാര്‍ട്ടി നേതാവിന്റെ മകന് ജോലി നല്‍കുകയായിരുന്നു ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പാര്‍ട്ടി നിര്‍ദേശമായി നല്‍കിയ നിയമന കത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. ഡ്രൈവറായി ആര്‍ എസ് ഷിബിന്‍ രാജിനെ നിയമിക്കണമെന്നും അറ്റന്‍ഡര്‍ തസ്തികയിലേക്ക് തല്‍ക്കാലം നിയമനം വേണ്ടെന്നും കത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. 2021 ജൂലൈ 6നാണ് ജില്ലാ മര്‍ക്കന്റൈല്‍ സഹകരണ സംഘം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും സംഘത്തിലെ പാര്‍ട്ടി കാര്യങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടയാളുമായ ബാബുജാന് സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ ആനാവൂര്‍ കത്ത് നല്‍കിയത്.

ആനാവൂര്‍ കത്തിലൂടെ ശുപാര്‍ശ ചെയ്ത മൂന്ന് പേരും സഹകരണസംഘത്തില്‍ നിലവില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, ആനാവൂരിന്റെ കത്ത് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നുവെന്നും ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും താല്‍ക്കാലിക നിയമനം ഉള്‍പ്പെടെ പാര്‍ട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടക്കുന്നതെന്നും അതാണ് പാര്‍ട്ടി കീഴ്‌വഴക്കമെന്നുമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ കത്ത് പുറത്തുവന്നത് വിവാദമായതോടെയാണ് ആനാവൂര്‍ നല്‍കിയ ശുപാര്‍ശ കത്തും പുറത്തുവന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും നല്‍കിയ ശുപാര്‍ശ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. കത്ത് വിവാദത്തില്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷം യുഡിഎഫിന്റെ കാലത്തെ കത്തുകള്‍ പുറത്തുവിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും പാര്‍ട്ടി നിയമനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രീതിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it