Sub Lead

ഹിന്ദു വികാരം മാനിക്കണം; ഇറച്ചിക്കടകള്‍ ചൊവ്വാഴ്ചകളില്‍ അടച്ചിടാന്‍ ഉത്തരവ്

ഹിന്ദു വികാരം മാനിക്കണം; ഇറച്ചിക്കടകള്‍ ചൊവ്വാഴ്ചകളില്‍ അടച്ചിടാന്‍ ഉത്തരവ്
X

ന്യൂഡല്‍ഹി: ഹിന്ദു വികാരം മാനിക്കുന്നതിനു വേണ്ടി ചൊവ്വാഴ്ചകളില്‍ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍(എംസിജി) ഉത്തരവ്. ഇറച്ചി കടകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 10 ഇരട്ടി ഉയര്‍ത്തുന്നതു സംബന്ധിച്ച് നടന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്റെ (എംസിജി) അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ മാംസം വില്‍ക്കുന്ന എല്ലാ കടകളും എല്ലാ ചൊവ്വാഴ്ചകളിലും അടച്ചിടും. ഇറച്ചിക്കടകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്താനും അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരായ പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ക്കും എംസിജി അംഗീകാരം നല്‍കി. യോഗത്തില്‍ ഇറച്ചിക്കടകള്‍ ചൊവ്വാഴ്ചകളില്‍ അടച്ചിടുന്നതു സംബന്ധിച്ച് അജണ്ടയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ചില കൗണ്‍സിലര്‍മാര്‍ 'ഹിന്ദു വികാരങ്ങളെ മാനിക്കണ'മെന്ന് നിര്‍ദേശം വച്ചതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

'വെജിറ്റേറിയന്‍ ഭക്ഷണം എപ്പോള്‍ കഴിക്കണം എന്നതിനെക്കുറിച്ച് ഒരാള്‍ക്ക് അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കാരണം ഇത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണെന്നും എംസിജി കമ്മീഷണര്‍ വിനയ് പ്രതാപ് സിങ് പറഞ്ഞു. ഇറച്ചി കടകള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ ഇതൊരു വ്യക്തിഗത തിരഞ്ഞെടുപ്പാണ്. ഞാന്‍ കഴിക്കുന്നു, എന്റെ ഭാര്യ കഴിക്കുന്നില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് അവളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അവള്‍ക്ക് എന്നെയും. ഞങ്ങള്‍ക്ക് ഇത് വീട്ടില്‍ തന്നെ തീരുമാനിക്കാന്‍ കഴിയാത്തപ്പോള്‍ നഗരം മുഴുവന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ആലോചിക്കണമെന്നും വിനയ് പ്രതാപ് സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മേയര്‍ മധു ആസാദും തീരുമാനത്തെ പിന്തുണച്ചു.

യോഗത്തില്‍ ചില കൗണ്‍സിലര്‍മാര്‍ ലൈസന്‍സ് ഫീസ് 50,000 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ലൈസന്‍സ് ഫീസില്‍ ന്യായമായ വര്‍ധനവ് വരുത്താമെന്നും 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്താമെന്നും എംസിജി കമ്മീഷണര്‍ നിര്‍ദേശിച്ചു. പാര്‍പ്പിട പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഇറച്ചി കടകള്‍ അടച്ചുപൂട്ടാനും എംസിജി തീരുമാനിച്ചു.

അതേസമയം, ജോലി കുറഞ്ഞ സമയത്തെ തീരുമാനം തിരിച്ചടിയാവുമെന്ന് ഇറച്ചിക്കട ഉടമകള്‍ പറയുന്നു. 10,000 രൂപ വലിയ തുകയാണ്. ലൈസന്‍സ് പുതുക്കാന്‍ പ്രതിവര്‍ഷം നല്‍കണം. ഞങ്ങളുടെ ബിസിനസ്സ് കുറയ്ക്കാനും അവര്‍ തീരുമാനിച്ചു. ഒരു സമുദായത്തിലെ അംഗങ്ങള്‍ ചൊവ്വാഴ്ച മാംസം കഴിക്കാറില്ല. പക്ഷേ മറ്റ് സമുദായങ്ങളില്‍ നിന്ന് ചൊവ്വാഴ്ച ബിസിനസ്സ് ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ തീരുമാനം ഞങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും നിയമങ്ങള്‍ പാലിക്കുമെന്നും ജേക്കബ്പുര മീറ്റ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രതിനിധി പ്രീതം ഭഗത് പറഞ്ഞു. മൂന്ന് തവണ പിഴ ഈടാക്കുന്ന കടകള്‍ സീല്‍ വയ്ക്കും. സീല്‍ പൊട്ടിച്ചതായി കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it