World

പശ്ചിമേഷ്യന്‍ സംഘര്‍ഷം: യുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍, ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം: യുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍, ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍
X

തെഹ്റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. 'ക്രൂഡോയില്‍ വില കുറയ്ക്കുന്നതിനും തന്റെ സൈനിക പദ്ധതികള്‍ നടപ്പാക്കാന്‍ സമയം നേടുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചതായി അവരുടെ വാര്‍ത്താ ഏജന്‍സിയായ മെഹ്ര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മേഖലയിലെ ചില രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി. 'ഈ യുദ്ധം ആരംഭിച്ചത് ഞങ്ങള്‍ കാരണമായിട്ടല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥനകള്‍ നടത്തേണ്ടത് യുഎസിനോടാണ്'എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിശദമായ വിശദീകരണം ഇറാന്റെ ഭാഗത്ത് ഉടന്‍ നിന്നുണ്ടാകുമെന്നാണ് വിവരം.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് 'പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ പരിഹാരം' കണ്ടെത്തുന്നതിനെക്കുറിച്ച് ഇറാനുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ഡോണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അഞ്ചുദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും ട്രംപ് അറിയിച്ചിരുന്നു.

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയതിന് പിന്നാലെയായിരുന്നു ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ട്രംപിന്റെ അറിയിപ്പ്.





Next Story

RELATED STORIES

Share it