Sub Lead

പശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍

പശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
X

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി യുഎസിന് 19 സൈനികതാവളങ്ങളുണ്ടെന്ന് റിപോര്‍ട്ട്. ഈ കേന്ദ്രങ്ങളില്‍ അത്യാധുനിക യുദ്ധ ആയുധങ്ങള്‍ക്ക് പുറമെ 40,000-50,000 സൈനികരുമുണ്ട്. യുഎസിന്റെ ഇറാന്‍ ആക്രമണത്തിന് പിന്നാലെയാണ് കണക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്. 1958 ജൂലൈയില്‍ ലബ്‌നാനില്‍ ആണ് യുഎസ് ആദ്യം സൈന്യത്തെ വിന്യസിച്ചത്. അക്കാലത്ത് ഏകദേശം 15,000 യുഎസ് മറീനുകള്‍ ലബ്‌നാനിലുണ്ടായിരുന്നു. പിന്നീട് സര്‍ക്കാരുകളുടെ അനുമതികളോടെയും അല്ലാതെയും നിരവധി താവളങ്ങള്‍ സ്ഥാപിക്കപ്പെട്ടു.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളം ഖത്തറിലെ അല്‍ ഉദൈദിലാണുള്ളത്.


1994ല്‍ സ്ഥാപിച്ച ഈ താവളം 60 ഏക്കര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. നൂറോളം യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇവിടെയുണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങള്‍ക്കുള്ള യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വാര്‍ഡ് ഹെഡ് ക്വോര്‍ട്ടറായ ഇവിടെ ഏകദേശം പതിനായിരം സൈനികരുണ്ട്.

യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ബഹ്‌റൈനിലാണ്. നാവല്‍ സപ്പോര്‍ട്ട് ആക്ടിവിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്.


അവിടെ ഏകദേശം 9,000 സൈനികരും ജീവനക്കാരുമുണ്ട്. തെക്ക് കിഴക്കന്‍ കുവൈത്തിലെ കാംപ് അരിഫ്ജാനാണ് കുവൈത്തിലെ പ്രധാന യുഎസ് താവളം. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 1999ല്‍ ഇത് സ്ഥാപിച്ചത്.

അബൂദബിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന അല്‍ ധര്‍ഫ വ്യോമതാവളം നിരീക്ഷണം, രഹസ്യവിവര ശേഖരണം, വ്യോമാക്രമണം എന്നിവക്കാണ് യുഎസ് ഉപയോഗിക്കുന്നത്.


ഇവിടെ എഫ്-22 സ്റ്റെല്‍ത്ത് ഫൈറ്ററുകളും ഡ്രോണുകളുമുണ്ട്. ഇറാഖിലെ എര്‍ബില്‍ വ്യോമസേനാ താവളത്തെയാണ് വടക്കന്‍ സിറിയ, ഇറാഖ് എന്നിവിടങ്ങളെ ആക്രമിക്കാന്‍ യുഎസ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ ഈ താവളങ്ങളെ ഉപയോഗിക്കുന്നു എന്ന് ഇറാന്‍ കാലങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ 2020 ജനുവരിയില്‍ ഇറാഖിലെ ബാഗ്ദാദില്‍ വച്ച് യുഎസ് കൊലപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി യുഎസിന്റെ ഇറാഖിലെ അല്‍ അസദ് താവളവും എര്‍ബില്‍ താവളവും 13 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമിച്ചിരുന്നു.


യുഎസ് സൈനികര്‍ കൊലപ്പെട്ടില്ലെങ്കിലും നൂറു കണക്കിന് പേരുടെ മസ്തിഷ്‌കത്തിന് ഗുരുതരമായി പരിക്കേറ്റു.

Next Story

RELATED STORIES

Share it