Sub Lead

മാവോവാദി ബന്ധം: ഒരാള്‍ക്കെതിരേ കൂടി യുഎപിഎ ചുമത്തി

മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെതിരേയാണ് പന്നിയങ്കര പോലിസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്

മാവോവാദി ബന്ധം: ഒരാള്‍ക്കെതിരേ കൂടി യുഎപിഎ ചുമത്തി
X

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കൂടെയുണ്ടായിരുന്നുവെന്ന് പോലിസ് ആരോപിക്കുന്ന യുവാവിനെതിരേയും യുഎപിഎ ചുമത്തി. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെതിരേയാണ് പന്തീരങ്കാവ്‌ പോലിസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിലെ മാവോവാദി നേതാക്കളുമായി ബന്ധമുണ്ടെന്നു പോലിസ് പറയുന്ന ഉസ്മാന്‍ കേരളത്തില്‍ നിന്നു രക്ഷപ്പെട്ടതായാണു അന്വേഷണ ഉദ്യേഗസ്ഥരുടെ നിഗമനം. അലനെയും താഹയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടത് ഉസ്മാനാണെന്നു സ്ഥിരീകരിച്ചതെന്നാണ് പോലിസ് പറയുന്നത്.

ഉസ്മാനാണ് അലനും താഹയ്ക്കും മാവോവാദി ബന്ധമുള്ള ലഘുലേഖകളും പുസ്തകങ്ങളും നല്‍കിയതെന്നാണ് പോലിസ് സംശയിക്കുന്നത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദി അനുകൂലികള്‍ക്ക് സിപിഐ മാവോയിസ്റ്റ് നേതാക്കളുടെ സന്ദേശമെത്തിക്കുന്നത് ഇയാളാണെന്നും ഉസ്മാന് സായുധപരിശീലനം ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലായി ഉസ്മാനെതിരേ 10 കേസുകളുണ്ട്. മാവോവാദി അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെട്ട കേസുകളില്‍ നാലെണ്ണം യുഎപിഎ കേസുകളാണ്.

കഴിഞ്ഞ കുറച്ചുകാലമായി മലപ്പുറം പാണ്ടിക്കാട്ടെ വീട്ടില്‍ ഇയാള്‍ വരാറില്ലെന്നും കരുവാരക്കുണ്ട് പോലിസ് സ്‌റ്റേഷനിലെ യുഎപിഎ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നുമാണ് പോലിസുനു ലഭിച്ച വിവരം. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഉസ്മാനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും വിജയിച്ചില്ല.തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനെയും കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡിനെയും പോലിസ് വിവരം അറിയിച്ചിട്ടുണ്ട്. ഉസ്മാനെ കണ്ടെത്താനുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലിസ്.




Next Story

RELATED STORIES

Share it