Sub Lead

മാവോവാദി ബന്ധം: പ്രഫ. ജിഎന്‍ സായിബാബയെ വെറുതെവിട്ട ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

മാവോവാദി ബന്ധം: പ്രഫ. ജിഎന്‍ സായിബാബയെ വെറുതെവിട്ട ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി
X

ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകനായിരുന്ന പ്രഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. കേസില്‍ വീണ്ടും വാദംകേട്ട് നാല് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ ബോംബെ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ജി എന്‍ സായിബാബ ഉള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരേ പ്രോസിക്യുഷന്‍ അനുമതി ലഭിക്കാതെയാണ് യുഎപിഎ പ്രകാരമുള്ള വിചാരണ നടന്നതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. യുഎപിഎ പ്രകാരം ചട്ടം പാലിക്കാതെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതുതന്നെ നിയമത്തിനു കളങ്കമാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ സെഷന്‍സ് കോടതി സായിബാബ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്. സായിബാബയ്ക്ക് പുറമെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചിരുന്നു. മറ്റൊരുപ്രതി വിജയ് ടിര്‍ക്കിക്ക് 10 വര്‍ഷം തടവാണ് വിധിച്ചിരുന്നത്. പ്രസ്തുത വിധി റദ്ദാക്കിയാണ് ബോംബെ ഹൈക്കോടതി സായിബാബ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത്. ജയിലില്‍ കഴിയുന്നതിനിടെ എച്ച് 1 എന്‍ 1 പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പാണ്ഡു നരോതെ ജയിലില്‍ വച്ച് മരണപ്പെട്ടിരുന്നു. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014ല്‍ അറസ്റ്റിലായത് മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. ഹൈക്കോടതി കുറ്റമുക്തനാക്കിയിരുന്നെങ്കിലും സുപ്രിം കോടതി ഉത്തരവ് സ്‌റ്റേ ചെയ്തതിനാല്‍ സായിബാബയ്ക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

Next Story

RELATED STORIES

Share it