Sub Lead

മനാഫ് വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മനാഫിന്റെ സഹോദരന്‍ അബ്ദുര്‍റസാഖിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തേ ഈ ആവശ്യമുന്നയിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാവാത്തതിനെതുടര്‍ന്നാണ് റസാഖ് ഹൈക്കോടതിയെ സമീപിച്ചത്.

മനാഫ് വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
X

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പ്രതിയായിരുന്ന മനാഫ് വധക്കേസില്‍ 45 ദിവസത്തിനകം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മനാഫിന്റെ സഹോദരന്‍ അബ്ദുര്‍റസാഖിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തേ ഈ ആവശ്യമുന്നയിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാവാത്തതിനെതുടര്‍ന്നാണ് റസാഖ് ഹൈക്കോടതിയെ സമീപിച്ചത്.തുടര്‍ന്ന് 45 ദിവസത്തിനകം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിടുകയായിരുന്നു.

പി വി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രനടക്കം മൂന്നു പ്രതികള്‍ പിടിയിലാവുകയും വിചാരണ തുടങ്ങുകയും ചെയ്തിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രണ്ടു പതിറ്റാണ്ടായി നിയമത്തെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനിവാര്യമാണെന്നും കോടതി വിലയിരുത്തി.

1995 ഏപ്രില്‍ 13ന് രാവിലെ 11ന് ഒതായി അങ്ങാടിയില്‍ വച്ചാണ് മനാഫ് കൊല്ലപ്പെട്ടത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്.കേസില്‍ രണ്ടാം പ്രതിയായിരുന്നു പി വി അന്‍വര്‍.

ഒന്നാം സാക്ഷി കൂറുമാറിയതോടെ അന്‍വര്‍ ഉള്‍പ്പെടെ വിചാരണ നേരിട്ട 21 പ്രതികളെയും മഞ്ചേരി സെഷന്‍സ് കോടതി 2009ല്‍ വെറുതെ വിടുകയായിരുന്നു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന നിലവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ സി ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പ്രതികളെ വെറുതെ വിടാന്‍ സാഹചര്യമൊരുക്കിയതെന്ന് മനാഫിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

കൊലപാതകം നടന്ന് 23 വര്‍ഷം കഴിഞ്ഞിട്ടും പി വി അന്‍വര്‍ എംഎല്‍എയുടെ സഹോദരീപുത്രന്‍മാരായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, മൂന്നാം പ്രതി ഷെരീഫ്, കൂട്ടുപ്രതികളായ എളമരം മപ്രം പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെ പിടികൂടാതിരുന്നതോടെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ച് ലുക്കൗട്ട് നോട്ടീസിറക്കി ഇവരെ പിടികൂടാന്‍ ഉത്തരവ് സമ്പാദിച്ചതോടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30തിന് കബീറും മുനീബും കീഴടങ്ങിയത്. പിന്നീട് ശരീഫും കീഴടങ്ങി.കേസില്‍ ഒന്നാം പ്രതിയായ പി.വി അന്‍വറിന്റെ അനന്തിരവന്‍ ഷെഫീഖ് ഇപ്പോഴും ദുബായിലാണ്.

കേസില്‍ പിടിയിലായ കബീര്‍, ജാബിര്‍ എന്ന പേരില്‍ പാസ്‌പോര്‍ട്ടെടുത്താണ് ഖത്തറിലേക്ക് കടന്നത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത് മറച്ചുവച്ച് കബീറും മുനീബും വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയതും വിവാദമായിരുന്നു. സംഭവം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകര്‍ക്കുന്നതായി വിലയിരുത്തിയ ഹൈക്കോടതി ഇരുവര്‍ക്കും 15,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.

അന്‍വര്‍ അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

Next Story

RELATED STORIES

Share it