Sub Lead

''ഞാന്‍ നിന്നെ പീഡിപ്പിച്ചു''; മനസാക്ഷിക്കുത്ത് കൊണ്ട് അതിജീവിതയോട് കുറ്റസമ്മതം നടത്തിയ യുവാവിനെ ശിക്ഷിച്ചു

ഞാന്‍ നിന്നെ പീഡിപ്പിച്ചു; മനസാക്ഷിക്കുത്ത് കൊണ്ട് അതിജീവിതയോട് കുറ്റസമ്മതം നടത്തിയ യുവാവിനെ ശിക്ഷിച്ചു
X

ഗെറ്റിസ്ബര്‍ഗ്(യുഎസ്): ലൈംഗികപീഡനത്തിലെ അതിജീവിതയോട് ഫേസ്ബുക്കിലൂടെ കുറ്റസമ്മതം നടത്തിയ യുവാവിനെ തടവിന് ശിക്ഷിച്ചു. പെന്‍സില്‍വാനിയ സ്വദേശി ഇയാന്‍ ക്ലിയറിയെയാണ് രണ്ടു മുതല്‍ നാലുവര്‍ഷം വരെ തടവിന് ശിക്ഷിച്ചത്. 2013ലാണ് കോളജ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്. ഇയാന്‍ ക്ലിയറിക്കെതിരേ വിദ്യാര്‍ഥിനി അടുത്ത ദിവസം പോലിസില്‍ പരാതി നല്‍കിയെങ്കിലും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പോലിസ് കേസുമായി മുന്നോട്ടുപോയില്ല. സംഭവം നടന്ന ദിവസം വിദ്യാര്‍ഥിനി മദ്യപിച്ചിരുന്നതിനാല്‍ ലൈംഗികബന്ധത്തിന് സമ്മതമുണ്ടോ ഇല്ലേ എന്ന് വ്യക്തമായി പറയാനാവില്ലെന്ന് പോലിസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, 2020ല്‍ ഫേസ്ബുക്ക് പരിശോധിക്കുകയായിരുന്ന അതിജീവിത ഇന്‍ബോക്‌സില്‍ ഒരു സന്ദേശം കണ്ടു. '' അപ്പോള്‍ ഞാന്‍ നിന്നെ ബലാല്‍സംഗം ചെയ്തു, ഇനി ഞാന്‍ ആരോടും മോശമായി പെരുമാറില്ല. നിന്റെ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''-എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഈ സന്ദേശവുമായി വിദ്യാര്‍ഥിനി പോലിസിനെ സമീപിച്ചു. ഇത് വച്ചാണ് കേസ് പോലിസ് വീണ്ടും തുറന്നത്.

തുടര്‍ന്ന് ഫ്രാന്‍സിലായിരുന്ന ഇയാനെ വിളിച്ചുവരുത്തി. താന്‍ കുറ്റം ചെയ്തതാണെന്നും പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞത് മനശാന്തിക്ക് വേണ്ടിയാണെന്നും അയാള്‍ പോലിസിനെ അറിയിച്ചു. കേസിനെ കുറിച്ച് അറിയാത്തതിനാലാണ് കോടതിയില്‍ ഹാജരാവാതിരുന്നതെന്നും ഇയാന്‍ ജഡ്ജിയെ അറിയിച്ചു. ഇതോടെ മറ്റു തെളിവുകളും കൂട്ടിവച്ചാണ് കോടതി ഇയാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശിക്ഷയുടെ കാര്യത്തില്‍ നിരവധി മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. പത്തുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും നാലു മുതല്‍ എട്ടുവര്‍ഷം തടവ് ശിക്ഷയില്‍ തീരുമാനമായി. എന്നാല്‍, രണ്ടു മുതല്‍ നാലുവര്‍ഷം വരെ തടവ് ശിക്ഷ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി മുറിയില്‍ വച്ച് അതിജീവിതയോടും പിതാവിനോടും ഇയാന്‍ ക്ഷമചോദിച്ചു. മാനസിക ആരോഗ്യം ശരിയാക്കാന്‍ വേണ്ട ചികില്‍സ തേടുമെന്നും ഇയാന്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it