കോട്ടയത്ത് കസ്റ്റഡിയിലെടുത്തയാള്‍ പോലിസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മണര്‍കാട് സ്വദേശി നവാസ് (27) ആണ് മരിച്ചത്. കോട്ടയം മണര്‍കാട് പോലിസ് സ്‌റ്റേഷനിലാണ് സംഭവം. തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

കോട്ടയത്ത് കസ്റ്റഡിയിലെടുത്തയാള്‍ പോലിസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പോലിസ് കസ്റ്റഡയിലെടുത്തയാളെ സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി നവാസ് (27) ആണ് മരിച്ചത്. കോട്ടയം മണര്‍കാട് പോലിസ് സ്‌റ്റേഷനിലാണ് സംഭവം. തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ നവാസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പഷ്യല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചതായി കോട്ടയം എസ്പി അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ ഭിന്നലിംഗക്കാരനായ സഹോദരനാണ് മണര്‍കാട് പോലിസില്‍ പരാതി നല്‍കിയത്.

പോലിസെത്തി നവാസിനെ സ്‌റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ലോക്കപ്പിന് പുറത്തെ ബെഞ്ചിലാണ് രാത്രി മുഴുവന്‍ നവാസിനെ ഇരുത്തിയിരുന്നത്. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്‌റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബന്ധുക്കളെ വിളിച്ചുവരുത്തി രാവിലെ തന്നെ ജാമ്യത്തില്‍ വിടാനായി തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിയെ രാവിലെ സ്‌റ്റേഷനിലുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ശുചിമുറിയില്‍ പോവുന്നതിനായി ലോക്കപ്പില്‍നിന്ന് നവാസിനെ പുറത്തിറക്കിയതായി പറയുന്നു. ഒരുമണിക്കൂറിനു ശേഷവും പ്രതി പുറത്തുവന്നില്ല.

തുടര്‍ന്നാണ് പോലിസ് ഉദ്യോഗസ്ഥര്‍ ശുചിമുറിയില്‍ പരിശോധന നടത്തിയത്. അപ്പോഴാണ് ശുചുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നവാസിനെ കണ്ടത്. തുടര്‍ന്ന് കുടുക്ക് അറുത്തുമാറ്റിയ ശേഷം പോലിസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അതിനിടെ, കോട്ടയത്ത് മണര്‍കാട് പോലിസ് സ്‌റ്റേഷനില്‍ ലോക്കപ്പില്‍ കഴിഞ്ഞയാള്‍ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലിസ് മേധാവിയ്ക്കും നിര്‍ദേശം നല്‍കി. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പോലിസിന്റെ നയം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

RELATED STORIES

Share it
Top