Sub Lead

മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേയുടെ ഹരജി നാളെ പരിഗണിക്കും

മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേയുടെ ഹരജി നാളെ പരിഗണിക്കും
X

മുംബൈ: ഏതാനും ദിവസങ്ങളായി അരങ്ങേറുന്ന മഹാരാഷ്ട്രയിലെ അധികാര വടംവലിയും രാഷ്ട്രീയ നാടകവും തിങ്കളാഴ്ച സുപ്രിംകോടതിയിലേക്ക്. കൂറുമാറ്റം ആരോപിച്ച് ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം തനിക്കും 15 എംഎല്‍എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡേ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രിംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.

ഞായറാഴ്ച വൈകീട്ട് 6.30നാണ് ഷിന്‍ഡേ ഹരജി ഫയല്‍ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്‍ഡേയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ വാദിക്കുന്നു. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്.

ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാവുന്നതുവരെ അയോഗ്യത നോട്ടീസിന്‍മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും ഏക്‌നാഥ് ഷിന്‍ഡെ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് കാര്യങ്ങളാണ് പ്രധാനമായും ഹരജിയില്‍ ഷിന്‍ഡെ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പ്രകാരം ഒരു അംഗത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കറെ അയോഗ്യനാക്കാനാവില്ല.

എന്‍സിപിയില്‍ നിന്ന് രാജിവയ്ക്കാതെ നര്‍ഹരി സിര്‍വാള്‍ ഡെപ്യൂട്ടി സ്പീക്കറായി പ്രവര്‍ത്തിക്കുകയും എന്‍സിപിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ശിവസേനയുടെ പ്രത്യയശാസ്ത്രം എന്‍സിപിക്കെതിരാണ്. അതിനാല്‍, സിര്‍വാള്‍ രാഷ്ട്രീയ പക്ഷപാതപരമാണ്. നിഷ്പക്ഷവും നീതിയുക്തവുമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അയോഗ്യതയ്ക്ക് കാരണമാവില്ല എന്നതിനാല്‍ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കില്ല.

പാര്‍ട്ടി പുറപ്പെടുവിച്ച വിപ്പ് സഭയ്ക്കുള്ളിലെ നടപടികള്‍ക്ക് മാത്രമേ ബാധകമാവൂ. താനും അനുയായികളും ശിവസേന അംഗത്വം ഉപേക്ഷിച്ചിട്ടില്ലെന്നും 10ാം ഷെഡ്യൂളിലെ ഖണ്ഡിക 2 പ്രകാരമുള്ള 'സ്വമേധയാ അംഗത്വം ഉപേക്ഷിക്കുക' എന്ന പദത്തിന്റെ അര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വരുന്നില്ലെന്നും ഷിന്‍ഡെ പറയുന്നു. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഷിന്‍ഡെ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. നിയമനടപടികള്‍ പൂര്‍ത്തി ആയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഷിന്‍ഡെ എംഎല്‍എമാരെ അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it