Sub Lead

മദ്‌റസാധ്യാപക ക്ഷേമനിധി പദ്ധതി താളംതെറ്റുന്നു

അതേസമയം, ക്ഷേമനിധി വെബ്‌സൈറ്റില്‍ നിന്ന് ഓരോ അംഗങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്ന വിധം സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടൈന്ന് ഓഫിസില്‍ നിന്ന് അറിയിച്ചു.

മദ്‌റസാധ്യാപക ക്ഷേമനിധി പദ്ധതി താളംതെറ്റുന്നു
X

തൃശൂര്‍: കേരള സര്‍ക്കാര്‍ നടപ്പാക്കിയ മദ്‌റസാധ്യാപക ക്ഷേമനിധി പദ്ധതി താളംതെറ്റുന്നതായി ആക്ഷേപം. ക്ഷേമനിധി അംഗത്വവും അംശാദായം അടച്ചതും സംബന്ധിച്ചുമുള്ള വിവരങ്ങള്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധി ഓഫിസില്‍ നിന്ന് അറിയാനാവുന്നില്ല. ഇത് മദ്‌റസാധ്യാപക ക്ഷേമനിധി അംഗങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അംഗങ്ങള്‍ ഓഫിസിലേക്ക് വിളിച്ച് അംഗത്വം റദ്ദായിട്ടുണ്ടോ എന്നന്വേഷിച്ചപ്പോള്‍ പോസ്റ്റ് ഓഫിസില്‍ അംശാദായം അടച്ചതിന്റെ രേഖകള്‍ സഹിതം ഒരു അപേക്ഷ അയക്കൂവെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.

തേജസ് ന്യൂസ് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2008ല്‍ പ്രാബല്യത്തില്‍ വന്ന മദ്‌റസാധ്യാപക ക്ഷേമനിധി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും അപാകതകളില്‍ കുരുങ്ങിക്കിടക്കുകയാണ്. 2015ല്‍ അംശാദായം അടയ്ക്കാന്‍ പോസ്‌റ്റോഫിസുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയെങ്കിലും കാര്യക്ഷമമായിട്ടില്ലെന്ന പരാതി വ്യാപകമാണ്. അടച്ച അംശാദായം സംബന്ധിച്ചുള്ള വിവരങ്ങള്‍ തല്‍സമയം പോസ്‌റ്റോഫിസുകളില്‍ നിന്ന് കോഴിക്കോട് പുതിയറയിലുള്ള ഓഫിസിലെ വെബ്‌സൈറ്റിലേക്ക് എത്താത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് മദ്‌റസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ അംശാദായം അടവില്‍ വീഴ്ച്ചയുണ്ടായാല്‍ അംഗത്വം റദ്ദാവും. അംഗങ്ങള്‍ അംശാദായം അടച്ചതിന്റെ വിവരം പോസ്റ്റ് ഓഫിസിലെ വെബ്‌സൈറ്റ് വഴി ക്ഷേമനിധി ഓഫിസിലേക്ക് എത്താത്ത സാഹചര്യത്തില്‍ അംഗത്വം റദ്ദാവാനിടയാക്കും. മാത്രമല്ല അംഗത്വം റദ്ദായ വിവരം സംബന്ധിച്ച് യാതൊരു അറിയിപ്പും നിലവില്‍ ഓഫിസില്‍ നിന്ന് നല്‍കാന്‍ സംവിധാനമില്ല. നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ അംശാദായം അടച്ചതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലും സൂക്ഷിക്കാന്‍ ഓഫിസില്‍ സംവിധാനമില്ലെന്നത് മദ്‌റസാധ്യാപക ക്ഷേമനിധിയോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് വ്യക്തമാക്കുന്നത്. 2015 വരെ പോസ്റ്റ് ഓഫിസുകള്‍ വഴി അടച്ച അംശാദായത്തിന്റെ വിവരങ്ങള്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് ലഭിച്ച പാസ് ബുക്കില്‍ പതിച്ചിട്ടുണ്ട്. 2015നു ശേഷം അംശാദായം അടച്ചതിനു പോസ്റ്റോഫിസില്‍ നിന്ന് ലഭിച്ച രശീതി നഷ്ടപ്പെട്ടാല്‍ അടച്ച തുക സംബന്ധിച്ചു രേഖകളില്ലാത്ത സാഹചര്യമുണ്ടാവും. ഇത് ഒരു പക്ഷേ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. മാത്രമല്ല 2008ല്‍ ക്ഷേമനിധി ആരംഭിച്ച കാലത്ത് നിയമിച്ച അഞ്ച് ജീവനക്കാര്‍ തന്നെയാണ് ക്ഷേമനിധി അംഗങ്ങളുടെ എണ്ണം 25000ലെത്തിയ 2019ലും ഉള്ളൂവെന്നത് ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ട്.

അതേസമയം, ക്ഷേമനിധി വെബ്‌സൈറ്റില്‍ നിന്ന് ഓരോ അംഗങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്ന വിധം സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടൈന്ന് ഓഫിസില്‍ നിന്ന് അറിയിച്ചു. ഇതിനു സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്കു സംവിധാനങ്ങള്‍ കാര്യക്ഷമമാവുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയിലുള്‍പ്പെട്ട അംഗങ്ങള്‍.




Next Story

RELATED STORIES

Share it