Sub Lead

ബിഎസ്പി സംസ്ഥാന പ്രസിഡന്റിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ബിഎസ്പി സംസ്ഥാന പ്രസിഡന്റിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: ബിഎസ്പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ അന്വേഷണം സിബിഐക്ക് വിട്ട് മദ്രാസ് ഹൈക്കോടതി. ഗ്രെയ്റ്റര്‍ ചെന്നൈ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കെ ഇമ്മാനുവേല്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി വേല്‍മുരുഗന്റെ ഉത്തരവ്. 2024 ജൂലൈയിലാണ് ഒരു സംഘം ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്. ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊല്ലുന്നത് നിരവധി പേര്‍ നേരില്‍കണ്ടിട്ടും പോലിസ് തിരിച്ചറിയല്‍ പരേഡ് പോലും നടത്തിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിലെ പിഴവ് മൂലമാണ് പല കേസുകളിലും പ്രതികള്‍ വെറുതെവിടപ്പെടുന്നത്. ഈ കേസ് അതിന് ഒരു ക്ലാസിക് ഉദാഹരണമാവുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലും പോലിസ് പരിശോധിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍, ഒരു ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരും 16 ഇന്‍സ്‌പെക്ടര്‍മാരും 19 സബ് ഇന്‍സ്‌പെക്ടര്‍മാരും 44 കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പോലിസ് കോടതിയെ അറിയിച്ചു. 30 പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയതെന്നും പോലിസ് ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ തള്ളിയാണ് കുറ്റപത്രം നല്‍കിയ കേസിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഉത്തരവായത്.

കേസിലെ മുഖ്യപ്രതിയായ നാഗേന്ദ്രന്‍ മറ്റൊരു കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. രണ്ടാം പ്രതി ശാംഭവയും മൊട്ടക്കൃഷ്ണനും ഒളിവിലാണ്. ശാംഭവ ഫ്രാന്‍സിലുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. പ്രതികളില്‍ നിന്നും 5 ബോംബുകളും ഒരു തോക്കും നാല് തിരകളും 13 കത്തികളും ഒരു കോടാലിയും രണ്ടു ബൈക്കുകളും നാലു കാറുകളും 27 മൊബൈല്‍ ഫോണുകളും 63 ലക്ഷം രൂപയും പോലിസ് പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it