Sub Lead

മദ്‌നി പള്ളി പൊളിച്ച സംഭവം: കോടതിയലക്ഷ്യ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; കേസ് തീര്‍പ്പാവും വരെ പള്ളിയില്‍ തൊടരുത്

മദ്‌നി പള്ളി പൊളിച്ച സംഭവം: കോടതിയലക്ഷ്യ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; കേസ് തീര്‍പ്പാവും വരെ പള്ളിയില്‍ തൊടരുത്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖുഷിനഗറിലെ മദ്‌നി പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചതിനെതിരായ കോടതിയലക്ഷ്യ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്‍കണം. കോടതിയലക്ഷ്യ ഹരജിയില്‍ തീര്‍പ്പാവും വരെ പള്ളിയില്‍ പൊളിക്കല്‍ നടപടികള്‍ പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

2025 ഫെബ്രുവരി ഒമ്പതിനാണ്, ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നായ മദ്‌നി പള്ളിയുടെ ചില ഭാഗങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറി പള്ളി നിര്‍മിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിനെ ചോദ്യം ചെയ്താണ് പള്ളിക്കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്. രാജ്യത്ത് ബുള്‍ഡോസര്‍ രാജ് നിരോധിച്ച 2024 നവംബറിലെ സുപ്രിംകോടതി വിധി ലംഘിച്ചാണ് പള്ളിയുടെ ഭാഗങ്ങള്‍ പൊളിച്ചതെന്ന് പള്ളിക്കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമദി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യം അലഹബാദ് ഹൈക്കോടതിയെ അറിയിക്കാന്‍ സുപ്രിംകോടതി പറഞ്ഞു. ഗുരുതരമായ കോടതിയലക്ഷ്യമാണ് നടന്നിരിക്കുന്നതെന്നും സുപ്രിംകോടതി തന്നെ വാദം കേള്‍ക്കണമെന്നും ഹുസൈഫ അഹമദി അഭ്യര്‍ത്ഥിച്ചു.

''സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ അനുമതികളുമുണ്ട്. പ്രദേശത്തെ ഒരു രാഷ്ട്രീയക്കാരന്റെ പരാതിയിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിയമപ്രകാരമാണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ 2024 ഡിസംബറിലെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മുമ്പ് പള്ളിയുടെ ഒരു സ്റ്റെപ്പ് റോഡിലേക്ക് തള്ളിനിന്നിരുന്നു. അത് മറ്റാരുടെയും നിര്‍ദേശമില്ലാതെ തന്നെ പള്ളിക്കമ്മിറ്റി പൊളിച്ചുമാറ്റിയിരുന്നു. പിന്നീട് നോട്ടീസ് പോലും നല്‍കാതെയാണ് ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പള്ളിയുടെ പ്രധാനഭാഗങ്ങള്‍ പൊളിച്ചുമാറ്റിയത്. നിയമപരമായ നോട്ടീസുകള്‍ നല്‍കാതെ ഒരു നിര്‍മിതിയും പൊളിക്കരുതെന്ന 2024 നവംബറിലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണ് ഇത്.'' -ഹുസൈഫ അഹമദി ചൂണ്ടിക്കാട്ടി.

ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കേസില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി സമ്മതിച്ചത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസും അയച്ചു. പോലിസിന് പുറമെ അതിര്‍ത്തിരക്ഷാ സേനയെയും വിന്യസിച്ചാണ് ഫെബ്രുവരി ഒമ്പതിന് പള്ളിയുടെ ഭാഗങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. 2024 ഡിസംബര്‍ 18നാണ് പള്ളിക്കെതിരേ ഹിന്ദുത്വര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പതിനഞ്ച് വര്‍ഷം മുമ്പ് വാങ്ങിയ 0.32 ഏക്കര്‍ ഭൂമിയാണ് പള്ളി നിര്‍മിച്ചതെന്ന് പള്ളിക്കമ്മിറ്റി പറഞ്ഞിരുന്നു. ഇതൊന്നും അംഗീകരിക്കാതെയാണ് ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പള്ളി പൊളിച്ചത്.

Next Story

RELATED STORIES

Share it