Sub Lead

118 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് റമദാനില്‍; പുനപ്പരിശോധിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

വിശേഷ ദിവസങ്ങള്‍ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നെങ്കിലും വോട്ടെടുപ്പിന്റെ ആറ്, ഏഴ് ഘട്ടങ്ങള്‍ റമദാനിലാണ് നടക്കുന്നത്.

118 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് റമദാനില്‍;  പുനപ്പരിശോധിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍
X

കൊല്‍ക്കത്ത: ഉത്തരേന്ത്യയിലേയും പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേയും 118 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് റമദാന്‍ മാസത്തിലായതിനാല്‍ ഇക്കാര്യത്തില്‍ പുനപ്പരിശോധന വേണമെന്നാവശ്യമുയര്‍ത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. വിശേഷ ദിവസങ്ങള്‍ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നെങ്കിലും വോട്ടെടുപ്പിന്റെ ആറ്, ഏഴ് ഘട്ടങ്ങള്‍ റമദാനിലാണ് നടക്കുന്നത്. ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യ പ്രദേശ്, യുപി, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്‍സിആര്‍, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ മെയ് 12, മെയ് 19 തിയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

31 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാരുള്ള പശ്ചിമ ബംഗാളില്‍ റംസാന്‍ സമയത്തുള്ള വോട്ടെടുപ്പ് മുസ്‌ലിംകള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മാള്‍ഡയില്‍ 52ഉം മുര്‍ഷിദാ ബാദില്‍ 66 ശതമാനവും വോട്ടര്‍മാര്‍ ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. റംസാനില്‍ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവിയുമായ ഫിര്‍ഹദ് ഹക്കീം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ പദവി ആണെന്നതിനാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. റംസാനില്‍ വോട്ടെടുപ്പ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് അധികൃതര്‍ പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റംസാനില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റംസാന്‍ പ്രശ്‌നം ആദ്യമായിട്ടല്ല തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ ന്യൂനപക്ഷ സമുദായത്തിന്റെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെ സിങിനോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് തിയ്യതി പുനപ്പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്ദ്രനാഥ് മിത്രയും വ്യക്തമാക്കിയിട്ടുണ്ട്.തങ്ങള്‍ക്ക് വന്‍തോതില്‍ മുസ്ലിം വോട്ടര്‍മാരുണ്ട്. റംസാന്‍ കാലയളവ് ഇതുമായി ബന്ധപ്പെട്ടു വരുന്നത് അധികൃതര്‍ പരിഗണിക്കണമെന്ന് മിത്ര പറഞ്ഞു.

അതേസമയം, റമദാനിലെ നോമ്പിനിടെ ശീതീകരിച്ച മുറിയിലിരുന്ന് വിശ്രമിക്കണമെന്ന്് എവിടെയും എഴുതിവച്ചിട്ടില്ലെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ അഖിലേന്ത്യാ സെക്രട്ടറി അല്‍ഷാദ് ആലം പറഞ്ഞു. റമദാന്‍ എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സല്‍കര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it