Sub Lead

മുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു

മുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
X

മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനിടെ ലിസാദ് ഗ്രാമത്തില്‍ മുസ്ലിംകളുടെ വീടുകള്‍ കൊള്ളയടിച്ച് തീയിട്ട കേസിലെ പതിനൊന്ന് പ്രതികളെയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് മുസഫര്‍നഗറിലെ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി നേഹ ഗാര്‍ഗിന്റെ നടപടി.

ലിസാദ് ഗ്രാമവാസികളായ മന്‍വീര്‍, സുഭാഷ്, പിപ്പന്‍, നരേന്ദ്ര, പ്രമോദ്, വിനോദ്, രാംകുമാര്‍ ശര്‍മ, വിജയ് ശര്‍മ, രാം കിഷന്‍, രാജേന്ദ്ര, മോഹിത് എന്നീ പ്രതികള്‍ തന്നെയാണ് ഗ്രാമത്തിലെ മുസ് ലികളുടെ വീടുകള്‍ കൊള്ളയടിച്ചതും തീയിട്ടതും. ഗ്രാമവാസിയായ സിയാവുല്‍ ഹഖ് നല്‍കിയ പരാതിയിലാണ് ഫൊഗാന പോലിസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

എന്നാല്‍, പോലിസ് ഉദ്യോഗസ്ഥനായ നരേന്ദ്ര ശര്‍മ കേസില്‍ തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ല. മതിയായ തെളിവുകളോ ദൃക്‌സാക്ഷികളെയോ പോലിസ് ഹാജരാക്കിയിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു.

കോടതി വിധിയില്‍ പ്രദേശത്തെ മുസ്‌ലിംകള്‍ പ്രതിഷേധത്തിലാണ്. '' ഞങ്ങളുടെ വീടുകള്‍ക്ക് അവര്‍ തീയിട്ടു. വീട്ടിലുള്ള എല്ലാ വസ്തുക്കളും കൊള്ളയടിച്ചു. പ്രതികളുടെ പേരുകള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. എന്നിട്ടും കോടതി പറയുന്നു തെളിവുകളില്ലെന്ന്.''- പ്രദേശവാസിയായ 55 കാരനായ മുഹമ്മദ് ഷാക്കിര്‍ പറഞ്ഞു.

സംഘര്‍ഷത്തിന് ശേഷം ലിസാദ് ഗ്രാമത്തിലെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും നാടുവിട്ടു. ഒരു വാടക വീട്ടിലാണ് മുഹമ്മദ് ഷാക്കിര്‍ ഇപ്പോഴും താമസിക്കുന്നത്. ''സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെ പോലെ ഞങ്ങള്‍ ജീവിക്കുകയാണ്.''-അദ്ദേഹം പറഞ്ഞു.

പ്രതികളെല്ലാം മോചിതരായെന്നും തങ്ങള്‍ ഇപ്പോഴും ഭയത്തിന്റെ തടവറയിലാണെന്നും പരാതിക്കാരനായ സിയാവുല്‍ ഹഖ് പറഞ്ഞു. '' കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി. പലരും നാടുവിട്ടു പോയി. പോലിസ് കേസ് ദുര്‍ബലമായാണ് നടത്തിയത്. ഇത് ആദ്യമായല്ല പ്രതികളെ വെറുതെവിടുന്നത്.''-അഭിഭാഷകനായ സഈദ് അഹമദ് പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ ഭരണ സംവിധാനം ഉപയോഗിച്ചതിന്റെ തെളിവായി ഈ കേസ് അവശേഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലിസാദ് കേസ് ഒറ്റപ്പെട്ട കേസല്ലെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട പത്തില്‍ അധികം കേസുകളിലെ പ്രതികളെ കഴിഞ്ഞ വര്‍ഷം വെറുതെവിട്ടിരുന്നു. അവയില്‍ ഭൂരിഭാഗവും പരാതിക്കാര്‍ മുസ്‌ലിംകളായിരുന്നു. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 500ഓളം കേസുകളില്‍ വിരലില്‍ എണ്ണാവുന്ന കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

ബൈക്കുകള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് കവാല്‍ ഗ്രാമത്തിലുണ്ടായ വാക്കുതര്‍ക്കമാണ് 2013ല്‍ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായത്. അമിത് ഷാ പോലുള്ള ബിജെപി നേതാക്കള്‍ വിഷയം ഏറ്റെടുത്തത് സംഘര്‍ഷം അതിവേഗം പടരാന്‍ കാരണമായി. ഏകദേശം 60 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മുസ്‌ലിംകള്‍ ഭവനരഹിതരാവുകയും ചെയ്തു.

വീടുകള്‍ മാര്‍ക്ക് ചെയ്താണ് അന്ന് ആക്രമണം നടന്നതെന്ന് ലിസാദില്‍ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ റഹ്മാന്‍ എന്ന അധ്യാപകന്‍ പറയുന്നു.'' അയല്‍ക്കാര്‍ പോലും ഞങ്ങളെ ആക്രമിച്ചു. ഞങ്ങള്‍ ഇടക്കിടെ ഗ്രാമത്തില്‍ പോവും. അപ്പോള്‍ അവരുടെ കണ്ണിലെ വെറുപ്പ് കാണാം.''-അദ്ദേഹം പറഞ്ഞു.

പോലിസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോടതികള്‍ നീതി നല്‍കാനാവൂയെന്ന് അഡ്വ. സഈദ് അഹമദ് പറഞ്ഞു. '' പതിനൊന്ന് പ്രതികള്‍ സ്വതന്ത്രരായി. വീടുകള്‍ നഷ്ടപ്പെട്ട ഇരകള്‍ക്ക് ആര് നീതി നല്‍കും?''-അദ്ദേഹം ചോദിച്ചു. '' ആരും ഞങ്ങളെ കേള്‍ക്കില്ല. ഞങ്ങള്‍ മുസ്‌ലിംകളാണ്. ഞങ്ങള്‍ എല്ലാം നിശബ്ദരായി സഹിക്കണം.''-പ്രതികളെ വെറുതെവിട്ട വാര്‍ത്തയുടെ വീഡിയോ കണ്ട് 70കാരനായ റഹ്മത്ത് അലി പറഞ്ഞു.

Next Story

RELATED STORIES

Share it