Sub Lead

പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു
X

മുംബൈ: പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രീയ സംഗീതജ്ഞനും പത്മ വിഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.37 ന് മുംബൈയിലെ വസതിയിലാണ് അന്ത്യമെന്ന് മരുമകള്‍ നമ്രത ഗുപ്താ ഖാന്‍ പറഞ്ഞു. 'ഇന്ന് രാവിലെ ഹോം നഴ്‌സ് മസാജ് ചെയ്യുന്നതിനിടെ ഛര്‍ദ്ദിച്ചു. ഉടനെ അടുത്തെത്തിയെങ്കിലും അവന്റെ കണ്ണുകള്‍ അടഞ്ഞു. ശ്വാസം പതുക്കെയായി. ഞാന്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ എത്തുമ്പോഴേക്കും മരണപ്പെട്ടതായി നമ്രത പിടിഐയോട് പറഞ്ഞു. മാര്‍ച്ച് 3 ന് ഇദ്ദേഹത്തിന് 90 വയസ്സ് തികയും.

2019ല്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും ശരീരത്തിന്റെ ഇടതുഭാഗം തളരുകയും ചെയ്തു. മരണവാര്‍ത്ത നമ്രത തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. അന്ത്യകര്‍മങ്ങള്‍ ഇന്ന് വൈകീട്ട് സാന്താക്രൂസ് ഖബര്‍സ്ഥാനില്‍ നടക്കും. 1931 മാര്‍ച്ച് 3ന് ഉത്തര്‍പ്രദേശിലെ ബദായൂനില്‍ ജനിച്ച ഖാന് നാല് സഹോദരന്മാരും മൂന്ന് സഹോദരിമാരുമാണുണ്ടായിരുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് മുറാദ് ബക്ഷിന്റെ മകനാണ് പിതാവ് ഉസ്താദ് വാരിസ് ഹുസയ്ന്‍ ഖാന്‍. മാതാവ് സാബ്രി ബീഗം ഉസ്താദ് ഇനയാത്ത് ഹുസയ്ന്‍ ഖാന്റെ മകളാണ്. പിതാവില്‍ നിന്ന് ക്ലാസിക്കല്‍ സംഗീത പരിശീലനം നേടിയ അദ്ദേഹം പിന്നീട് കസിന്‍ ഉസ്താദ് നിസാര്‍ ഹുസയ്ന്‍ ഖാനു കീഴില്‍ സംഗീതം പഠിച്ചു. 1991 ല്‍ പത്മശ്രീ, 2006ല്‍ പത്മ ഭൂഷണ്‍, 2018ല്‍ പത്മ വിഭുഷന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മരണത്തില്‍ ഗായിക ലതാ മങ്കേഷ്‌കര്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Legendary Musician Ustad Ghulam Mustafa Khan Dies At 89

Next Story

RELATED STORIES

Share it