Sub Lead

കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി, ഇത്തവണ ബിജെപി സ്ഥാനാര്‍ഥി; കീച്ചേരിക്കുന്നില്‍ 'താമര'യ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ

കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി, ഇത്തവണ ബിജെപി സ്ഥാനാര്‍ഥി;   കീച്ചേരിക്കുന്നില്‍ താമരയ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ
X

കണ്ണൂര്‍: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച വനിത ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കീച്ചേരിക്കുന്നിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി തച്ചന്‍ സ്വപ്‌ന താമര അടയാളത്തില്‍ വോട്ട് തേടുന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാവും കെ സുധാകരന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിക്കുകയും തുരുത്തി ബൈപാസ് വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കുകയും ചെയ്ത നിഷില്‍ കുമാറിന്റെ ഭാര്യയാണ് ബിജെപിക്കു വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. ഇവര്‍ കഴിഞ്ഞ തവണ പട്ടികജാതി സംവരണമായ തുരുത്തി വാര്‍ഡില്‍ നിന്ന് മുസ് ലിം ലീഗിനു വേണ്ടി മല്‍സരിച്ച് 366 വോട്ടുകള്‍ നേടിയിരുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൊയ്യോന്‍ സരസ്വതിക്ക് 417ഉം ബിജെപി സ്ഥാനാര്‍ഥി കാന്തിമതി ജനാര്‍ദ്ദനന് 80 വോട്ടുകളുമാണ് ലഭിച്ചത്. 51 വോട്ടുകളുടെ വ്യത്യാസത്തില്‍ സിപിഎം ജയിച്ച ഇവിടെ ബിജെപി വോട്ട് യുഡിഎഫിനു നല്‍കി ജയിപ്പിക്കാമെന്നാണു ധാരണയായതെന്നാണു സൂചന.

തുരുത്തി വാര്‍ഡിലെ കഴിഞ്ഞ തവണത്തെ വോട്ട് നില

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ വിഷയമാണ് തുരുത്തി ഗ്രാമം പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റ്. വിഐപിക്കു വേണ്ടി ബൈപാസ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് ആക്ഷേപമുയര്‍ന്ന സംഭവത്തില്‍ തുരുത്തി ബൈപാസ് വിരുദ്ധ സമരം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നതിനാല്‍ ദലിത് ഗ്രാമമായ തുരുത്തിയില്‍ സിപിഎമ്മിനെതിരേ കനത്ത രോഷമാണുയര്‍ന്നിട്ടുള്ളത്. ഇവിടെ യുഡിഎഫും എല്‍ഡിഎഫും മുസ് ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ബിജെപിക്കു വേണ്ടി ബിജു എന്നയാളാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നിഷില്‍ കുമാറും കുടുംബവും താമസിക്കുന്ന വാര്‍ഡില്‍ ഇവരെല്ലാം ബിജെപിയുമായി ധാരണയായതായും ആക്ഷേപമുണ്ട്.


കഴിഞ്ഞ തവണത്തെ ലീഗ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍. വൃത്തത്തില്‍ സ്വപ്‌ന

ബിജെപിക്ക് മികച്ച സ്വാധീനമുള്ള ഏഴാം വാര്‍ഡ് കീച്ചേരിക്കുന്നിലാണ് കോണ്‍ഗ്രസ് നേതാവ് നിഷില്‍ കുമാറിന്റെ ഭാര്യയും കഴിഞ്ഞ തവണത്തെ തുരുത്തി വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ഥിയുമായ തച്ചന്‍ സ്വപ്‌ന മല്‍സരിക്കുന്നത്. നാമിര്‍ദേശ പത്രിക നല്‍കുമ്പോള്‍ നിഷില്‍ കുമാര്‍ പഞ്ചായത്ത് ഓഫിസിലെത്തിയതായും പറയപ്പെടുന്നുണ്ട്.



കീച്ചേരിക്കുന്നിലെ കഴിഞ്ഞ തവണത്തെ വോട്ട് നില

സിപിഎമ്മിലെ ടി വി രാജീവന്‍ 488 വോട്ട് നേടി വിജയിച്ച ഇവിടെ ബിജെപി സ്ഥാനാര്‍ഥി കുടുക്ക രാജേഷിനു 433 വോട്ടുകള്‍ ലഭിച്ചിരുന്നു. വെറും 55 വോട്ടിന്റെ ഭൂരിപക്ഷത്തിനു സിപിഎം ജയിച്ച ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 97 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ധാരണയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ കീച്ചേരിക്കുന്നില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആക്ഷേപം.

കീച്ചേരിക്കുന്നില്‍ ബിജെപി സ്ഥാനാര്‍ഥിയായ സ്വപ്‌നയുടെ പ്രചാരണ പോസ്റ്റര്‍

തുരുത്തി ബൈപാസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പോലെ തന്നെ കേന്ദ്ര സര്‍ക്കാരും പ്രദേശവാസികള്‍ക്ക് അനുകൂലമായി ഒന്നും ചെയ്തിരുന്നില്ല. മൂന്നു മുന്നണികളും രാഷ്ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ ദലിത്-പിന്നാക്ക രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹിക സംഘടനകളുമാണ് തുരുത്തി ബൈപാസ് വിരുദ്ധ സമരത്തെ ജനങ്ങളിലേക്കെത്തിച്ചത്. കീഴാറ്റൂര്‍ ബൈപാസിലെന്ന പോലെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ദേശീയപാത വികസനം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെന്ന് മറച്ചുവയ്ക്കുകയും ചെയ്താണ് ബിജെപിയുമായി ധാരണയിലെത്തിയതെന്ന ആക്ഷേപം ശക്തമാണ്.

League candidate now BJP candidate; Wife of Congress leader

Next Story

RELATED STORIES

Share it