Sub Lead

നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് നേതൃത്വം; ഫേസ്ബുക്ക് പോസ്റ്റ് മകന്റെ സ്വന്തം അഭിപ്രായം: കെ വി തോമസ്

അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്.

നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് നേതൃത്വം; ഫേസ്ബുക്ക് പോസ്റ്റ് മകന്റെ സ്വന്തം അഭിപ്രായം: കെ വി തോമസ്
X

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തെയും രാജ്യസഭാ സ്ഥാനാര്‍ഥി അഡ്വ. ജെബി മേത്തറെയും വിമര്‍ശിച്ചു കൊണ്ടുള്ള മൂത്തമകന്‍ ബിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെ വി തോമസ്. മകന്‍ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും താന്‍ എന്നും വിധേയനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്നും കുറിച്ചുകൊണ്ടാണ് കെ വി തോമസ് മകന്റെ പോസ്റ്റ് പങ്കുവച്ചത്.

'വീട്ടില്‍ ഞങ്ങള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാന്‍ എന്നും വിധേയനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന്ന് മക്കളും രാഷ്ട്രീയത്തിലില്ല, അവര്‍ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.' കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും കെ വി തോമസിനെ പിന്തുണച്ചുമായിരുന്നു മകന്‍ ബിജു തോമസിന്റെ പോസ്റ്റ്. 'നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്' എന്ന തലക്കെട്ടോടെയായിരുന്നു ബിജുവിന്റെ കുറിപ്പ്. ഉറച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നു. രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്ന ജെബി മേത്തര്‍ അടക്കമുള്ളവര്‍ നിലവില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ മറ്റ് നേതാക്കള്‍ ഇല്ലാത്തതാണെന്നും ബിജു തോമസ് കുറിച്ചു.

കെ വി തോമസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞപ്പോള്‍ അപ്പന്റെ ഫേസ്ബുക്കില്‍ തെറിവിളികളുടെ പൊങ്കാലയായിരുന്നെന്നും ബിജു പറഞ്ഞു. ആ സമയത്ത്, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് ഒരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ബിജുവിന്റെ ഫോസ്ബുക്ക് പോസ്റ്റ്

നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്സ്!

കുറച്ച് നാളായി കോണ്‍ഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ് തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താന്‍ കഴിഞ്ഞു. ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന് സംശയം.

ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോണ്‍ഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവര്‍ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട് താങ്ങാനാവുമോ?

പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എംപിയാണ്, വര്‍ക്കിങ് പ്രസിഡന്റുമാരും, എംപിയോ, എംഎല്‍എയോ ആണ്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.

ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ്ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്. സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.

അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌ക്കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.

Next Story

RELATED STORIES

Share it