Sub Lead

കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ച് സര്‍ക്കാര്‍; മതിയാവില്ലെന്ന് മാനേജ്‌മെന്റ്

4 പ്രധാന വർക്‌ഷോപ്പുകളിൽ മുഖ്യ ബസ് നിർമാതാക്കളുടെ എൻജിൻ പുനർനിർമാണ വിഭാഗം സ്ഥാപിക്കാൻ ആലോചനയുണ്ട്. മുഖ്യമന്ത്രിക്കുള്ള റിപോർട്ടിൽ ഇതും ചൂണ്ടിക്കാട്ടി 250 കോടി രൂപ പ്രവർത്തന മൂലധനം ആവശ്യപ്പെടും.

കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ച് സര്‍ക്കാര്‍; മതിയാവില്ലെന്ന് മാനേജ്‌മെന്റ്
X

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.

അതേസമയം, കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. ഈ മാസം 20ന് മുമ്പ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂനിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയു ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു.

അതേസമയം ശമ്പളകാര്യത്തിൽ തീരുമാനമായില്ലെങ്കിലും അധികം ജോലി ചെയ്യുന്നവർക്ക് ഇൻസെന്റീവ് നൽകാൻ കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചു. മാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്കു ശമ്പളത്തിനു പുറമേ 1000 രൂപ നൽകും. 25 ഡ്യൂട്ടി ചെയ്താൽ 2000 രൂപ വരെ ഇൻസെന്റീവ് കൊടുക്കാനും തീരുമാനിച്ചു.

മാസം 16 ഡ്യൂട്ടി ചെയ്താൽ മാത്രമേ കൃത്യമായി ആദ്യം തന്നെ ശമ്പളം നൽകൂവെന്നു കഴിഞ്ഞ ദിവസം മാനേജ്മെന്റ് സർക്കുലർ ഇറക്കിയിരിക്കുന്നു. 16 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പള ബിൽ എല്ലാ മാസവും 8–ാം തീയതി കഴിഞ്ഞിട്ടേ തയാറാക്കൂവെന്നും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ജീവനക്കാർ ഓഫ് എടുക്കുന്നതും അവധിയെടുക്കുന്നതും കഴിയുന്നത്ര ഒഴിവാക്കണമെന്നു കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കി.

ഈ സർക്കുലർ ഫലം കണ്ടെന്നാണു നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച 6.92 കോടിയോളം രൂപ വരുമാനം ലഭിച്ചു. മേയ് മാസവും വരുമാനം കൂടി–194 കോടി. ദിവസം 8 കോടി വീതം വരുമാനമായി കിട്ടിയാൽ വൈകാതെ ശമ്പളം നൽകാനാകുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതിനിടെ കെഎസ്ആർടിസിക്കു സാമ്പത്തിക സഹായം തേടി മുഖ്യമന്ത്രിക്കു നൽകാനുള്ള റിപോർട്ട് തയാറാക്കുകയാണ് ഗതാഗത വകുപ്പ്. ഇതുമായി അടുത്തയാഴ്ച മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണും.

സുശീൽഖന്ന റിപോർട്ട് പ്രകാരം ദിവസം 10,000 കിലോമീറ്റർ ദൂരം ബസുകൾ ഓടുന്ന ഡിപ്പോയിൽ എൻജിനും ഗിയർ ബോക്സും ക്ലച്ചും ഉൾപ്പെടെ എല്ലാ ഭാഗങ്ങളും പ്രത്യേകം കരുതണമെന്നാണ്. ഏതു ഭാഗം തകരാറിലായാലും 8 മണിക്കൂർ കൊണ്ട് അഴിച്ചുപണി നടത്തി ബസ് ഇറക്കാനാകണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ 4 പ്രധാന വർക്‌ഷോപ്പുകളിൽ മുഖ്യ ബസ് നിർമാതാക്കളുടെ എൻജിൻ പുനർനിർമാണ വിഭാഗം സ്ഥാപിക്കാൻ ആലോചനയുണ്ട്. മുഖ്യമന്ത്രിക്കുള്ള റിപോർട്ടിൽ ഇതും ചൂണ്ടിക്കാട്ടി 250 കോടി രൂപ പ്രവർത്തന മൂലധനം ആവശ്യപ്പെടും.

Next Story

RELATED STORIES

Share it