Sub Lead

കെ എസ് ഷാന്‍ വധം: ആര്‍എസ്എസ് പങ്ക് വ്യക്തമാക്കി എഫ്‌ഐആര്‍; ഗൂഢാലോചനയില്‍നിന്ന് ഉന്നതരെ ഒഴിവാക്കി

അഞ്ചു പേര്‍ കൃത്യത്തില്‍ പങ്കെടുത്തതായി സൂചനയെന്നും ഒരാള്‍ ബൈക്കില്‍ വിവരങ്ങള്‍ നല്‍കിയെന്നും നാലുപേര്‍ കാറില്‍ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് എഫ്‌ഐആറിലുള്ളത്.

കെ എസ് ഷാന്‍ വധം: ആര്‍എസ്എസ് പങ്ക് വ്യക്തമാക്കി എഫ്‌ഐആര്‍; ഗൂഢാലോചനയില്‍നിന്ന് ഉന്നതരെ ഒഴിവാക്കി
X

ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പങ്ക് വ്യക്തമാക്കി പോലിസ് എഫ്‌ഐആര്‍. രാഷ്ട്രീയ വിരോധം മൂലമാണ് കൊലയെന്നും രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണുമാണ് എഫ്‌ഐആറിലുള്ളത്. ചേര്‍ത്തലയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതൊന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊലപ്പെടുത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പെ പദ്ധതി തയ്യാറാക്കി.അഞ്ചു പേര്‍ കൃത്യത്തില്‍ പങ്കെടുത്തതായി സൂചനയെന്നും ഒരാള്‍ ബൈക്കില്‍ വിവരങ്ങള്‍ നല്‍കിയെന്നും നാലുപേര്‍ കാറില്‍ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നുമാണ് എഫ്‌ഐആറിലുള്ളത്.

ആര്‍എസ്എസ്സ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതക കൃത്യത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. കേസില്‍ ഇന്ന് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ ആര്‍എസ്എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍നിന്നാണ് പിടികൂടിയത്. ഇവരെ കോടതി ഇന്നു റിമാന്റ് ചെയ്തിരുന്നു. വഴികാട്ടിയ ബൈക്കുകാരന്‍ ആരാണെന്നതില്‍ തുടങ്ങി കുറെയേറെ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.

കെ എസ് ഷാനിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച കാര്‍ ചേര്‍ത്തലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചേര്‍ത്തല കാണിച്ചുകുളങ്ങര, അന്നപ്പുരയ്ക്കല്‍ ജംഗ്ഷന് സമീപത്തുള്ള പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഈ കാര്‍.

അതേസമയം, കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് പോലിസ് ഭാഷ്യം. ഇത് എസ്ഡിപിഐയുടെ സംസ്ഥാന നേതാവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ നിന്ന് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളെ ഒഴിവാക്കാനാണെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്.

കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏര്‍പ്പാടാക്കിയതും രാജേന്ദ്ര പ്രസാദ് ആണെന്നും എഫ്‌ഐആറിലുണ്ട്.കൊച്ചുകുട്ടന്‍ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നല്‍കിയത്. കൊലക്ക് മുമ്പ് ഷാനെ ഇടിച്ചുവീഴ്ത്തിയ കാര്‍ കാണിച്ചുകുളങ്ങരയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ കാര്‍ പരിശോധിച്ച് സാംപിളുകള്‍ ശേഖരിച്ചു.

ആലപ്പുഴ മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു സമീപം കുപ്പേഴം ജങ്ഷനില്‍ വച്ചായിരുന്നു ശനിയാഴ്ച രാത്രി എട്ടു മണിയോടെ ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാന്റെ സ്‌കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കാര്‍ ഡ്രൈവറെ കൂടാതെ നാല് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വടിവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ച് നാല് പേര്‍ ഷാനെ ആക്രമിക്കുന്നത് വ്യക്തമായിട്ടുണ്ട്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. കൈകള്‍ക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ നിലയിലാണ് ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.അക്രമികള്‍ ശബരിമലയ്ക്ക് പോകാനെന്ന് വ്യാജേനെയാണ് വാടകയ്ക്ക് കാര്‍ എടുത്തതെന്നാണ് വിവരം. കൃത്യമായി ആസൂത്രണത്തോടെയാണ് ഷാനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്നാണ് പോലിസ് നല്‍കുന്ന സൂചന.

Next Story

RELATED STORIES

Share it