Sub Lead

കോന്നിയിലും പോളിങ് കുറഞ്ഞു; 70.07 ശതമാനം

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.19 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ 74.24 ശതമാനവുമായിരുന്നു പോളിങ്

കോന്നിയിലും പോളിങ് കുറഞ്ഞു; 70.07 ശതമാനം
X

പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടന്ന കോന്നി മണ്ഡലത്തിലും ഇക്കുറി പോളിങ് ശതമാനം കുറഞ്ഞു. 70.07 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കില്‍ നേരിയ മാറ്റമുണ്ടായേക്കാം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.19 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ 74.24 ശതമാനവുമായിരുന്നു പോളിങ്. മണ്ഡലത്തിലെ 212 ബൂത്തുകളിലും രാവിലെ 7ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെ 5.30ന് തന്നെ മോക്‌പോള്‍ നടത്തി. മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതലെങ്കിലും ഉച്ചവരെ പുരുഷന്മാരായിരുന്നു വോട്ടിങ് ശതമാനത്തില്‍ മുന്നിട്ടുനിന്നത്. ഉച്ചയോടെ സ്ത്രീ വോട്ടര്‍മാര്‍ വോട്ടിങ് ശതമാനത്തില്‍ മുന്നിലെത്തി. അവസാന കണക്ക് പ്രകാരം സ്ത്രീകള്‍ 72.00 ശതമാനവും പുരുഷന്മാര്‍ 69.02 ശതമാനവുമാണ് വോട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി 1016 ജീവനക്കാരെയാണ് നിയമിച്ചിരുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങും സിസിടിവിയും സജ്ജീകരിച്ചിരുന്നു. ഇവിടങ്ങളില്‍ കൂടുതല്‍ പോലിസും നിലയുറപ്പിച്ചു. അമൃത സ്‌കൂളിലെ കണ്‍ട്രോള്‍ റൂമില്‍ രാവിലെ തന്നെ ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ 17 ബൂത്തുകളിലെ വോട്ടെടുപ്പ് നിരീക്ഷിച്ചു. ജില്ലാ പോലിസ് മേധാവി ജി ജയദേവും കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധന കൂടാതെ വോട്ടിങ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനായി 48 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിരുന്നു. 112 കേന്ദ്രങ്ങളിലെ 212 ബൂത്തുകളിലേക്ക് 255 ബാലറ്റ് യൂനിറ്റ്, 255 കണ്‍ട്രോള്‍ യൂനിറ്റ്, 276 വിവി പാറ്റ് എന്നിങ്ങനെ മൊത്തം 786 യുനിറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ റിസര്‍വ് മെഷിനുകളും ഉള്‍പ്പെടും.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറയ്ക്കല്‍ അമൃത സ്‌കൂളിലെ നാലു സ്‌ട്രോങ് റൂമുകളിലായാണ് 212 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷിനുകള്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ സൂക്ഷിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it