Sub Lead

ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതിക്കും രാമക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പിക്കും ഭൂമിപൂജയ്ക്ക് സമയം നോക്കിയ ജ്യോതിഷിക്കും പത്മശ്രീ പുരസ്‌കാരം

ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതിക്കും രാമക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പിക്കും ഭൂമിപൂജയ്ക്ക് സമയം നോക്കിയ ജ്യോതിഷിക്കും പത്മശ്രീ പുരസ്‌കാരം
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നൂറ്റാണ്ടുകള്‍ നിലകൊണ്ട ബാബരി മസ്ജിദ് പൊളിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായിരുന്ന ഹിന്ദുത്വ നേതാവ് സാധ്വി ഋതംബരക്ക് പത്മശ്രീ. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പിയായ ചന്ദ്രകാന്ത് സോംപുരക്കും അവിടെ ഭൂമി പൂജ നടത്താന്‍ സമയം നോക്കിയ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡ് എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഉത്തര്‍പ്രദേശിലെ സാമൂഹിക സേവനത്തിനാണ് സാധ്വി ഋതംബരക്ക് പത്മശ്രീ നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. ആര്‍കിടെക്ചര്‍ മേഖലയിലെ പ്രാവീണ്യത്തിനാണ് സോംപുരക്ക് പുരസ്‌കാരമെന്നും സാഹിത്യ-വിദ്യഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനക്കാണ് ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന് പുരസ്‌കാരമെന്നും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.


ചന്ദ്രകാന്ത് സോംപുര


ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡും നരേന്ദ്രമോദിയും

ആര്‍എസ്എസിന്റെ ബഹുജനസംഘടനകളില്‍ ഒന്നായ വിശ്വഹിന്ദുപരിഷത്തിന്റെ വനിതാവിഭാഗമായ ദുര്‍ഗാവാഹിനിയുടെ സ്ഥാപകരില്‍ ഒരാളാണ് സാധ്വി ഋതംബര. എബിവിപിയിലും രാഷ്ട്രീയ സേവികാ സമിതിയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിക്കാന്‍ ഹിന്ദുത്വര്‍ നടത്തിയ വിദ്വേഷ കാംപയിനില്‍ ഇവര്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇവരുടെ വിദ്വേഷപ്രസംഗങ്ങളുടെ 15 ലക്ഷം കാസറ്റുകള്‍ 1991കളില്‍ മാത്രം പ്രചരിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ ആക്രമണം നടത്തല്‍ ഹിന്ദുക്കളുടെ ഉത്തരവാദിത്തമാണെന്ന രീതിയിലുള്ള വിദ്വേഷപ്രസംഗങ്ങളാണ് ഇവര്‍ നടത്തിയിരുന്നത്.

രാജ്യത്തെ സാമുദായിക അന്തരീക്ഷം ദുഷിപ്പിക്കുന്നതില്‍ സാധ്വി ഋതംബര നിര്‍ണായക പങ്കു വഹിച്ചുവെന്ന് ബാബരി മസ്ജിദ് പൊളിച്ചത് അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. മസ്ജിദിന് നേരെയുള്ള ആക്രമണം സാധ്വിയുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും ശ്രമം മൂലമാണ് നടന്നത്. ഹിന്ദുത്വ ആള്‍ക്കൂട്ടം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇവരടക്കം 12 നേതാക്കള്‍ക്ക് പങ്കുള്ളതായും കണ്ടെത്തി. പക്ഷേ, ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളായ സാധ്വി ഋതംബര അടക്കം 32 പേരെ 2020 സെപ്റ്റംബറില്‍ സുപ്രിംകോടതി വെറുതെവിട്ടു.

മധ്യപ്രദേശിലെ ഉദയനഗറില്‍ ഒരു വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകന്‍ 1995ല്‍ സിസ്റ്റര്‍ റാണി മരിയ എന്ന കത്തോലിക്കാ കന്യാസ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. ബസില്‍ സഞ്ചരിക്കുകയായിരുന്ന റാണി മരിയയെ കുത്തിക്കൊല്ലുകയായിരുന്നു.കൊച്ചി പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മരിയയെ അമ്പത് തവണയാണ് ഹിന്ദുത്വന്‍ കുത്തിയത്. ക്രിസ്താനികളെ ഇന്ത്യയില്‍ നിന്നു തുടച്ചുനീക്കുമെന്നാണ് ഉദയനഗറില്‍ വെച്ച് ഇതിന് ശേഷം സാധ്വി ഋതംബര പ്രസംഗിച്ചത്.


സിസ്റ്റര്‍ റാണി മരിയ

ഋതംബരയുടെ ശിഷ്യയായ പ്രജ്ഞാ സിംഗ് താക്കൂര്‍ 2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവ് നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ പ്രതിയാണ്. പത്തുപേരാണ് ഈ സ്‌ഫോടനത്തില്‍ മരിച്ചിരുന്നത്. പ്രജ്ഞാ സിംഗ് താക്കൂര്‍ പിന്നീട് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് എംപിയായി.

ഗുജറാത്തിലെ ഒരു ക്ഷേത്രനിര്‍മാണ കുടുംബത്തിലെ അംഗമാണ് ചന്ദ്രകാന്ത് സോംപുര. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ 200ല്‍ അധികം ക്ഷേത്രങ്ങള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. വേദപണ്ഡിതന്‍ എന്ന് അറിയപ്പെടുന്ന ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡ് കാശി വിശ്വനാഥ ഇടനാഴിയുടെ സമയവും നോക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നാമനിര്‍ദേശകപത്രിക സമര്‍പ്പിക്കുമ്പോള്‍ ഇയാളും കൂടെയുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനാരായണന്‍ എന്ന ഭുലായ് ഭായ്ക്കും മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കിയിട്ടുണ്ട്. ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന്റെ എംഎല്‍എ കൂടിയായിരുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷം 110ാം വയസിലാണ് മരിച്ചത്. 2024 ഫെബ്രുവരി 24ന് മരിച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ ജോഷിക്കും മരണാനന്തരബഹുമതിയായി പുരസ്‌കാരം നല്‍കി. 1991-92 കാലത്ത് മഹാരാഷ്ട്രയില്‍ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടക്കുമ്പോള്‍ മനോഹര്‍ ജോഷിയും ശിവസേനാ നേതാവ് ബാല്‍ താക്കറെയും വര്‍ഗീയപ്രസംഗങ്ങള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it