Top

കെവിന്‍ വധക്കേസില്‍ ഇന്ന് വിധി; വധശിക്ഷ വരെ ലഭിച്ചേക്കാം

ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്

കെവിന്‍ വധക്കേസില്‍ ഇന്ന് വിധി; വധശിക്ഷ വരെ ലഭിച്ചേക്കാം

കോട്ടയം: പ്രമാദമായ കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെ 11നു വിധി പറയും. കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് 14ന് കേസില്‍ വിധി പറയാനിരുന്നതായിരുന്നു. എന്നാല്‍ ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഇരുപക്ഷത്തിന്റെയും വിശദീകരണം കേട്ട ശേഷമാണ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. ദുരഭിമാനക്കൊലയെന്ന് അന്തിമവിധി വന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് റെക്കോര്‍ഡ് വേഗത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പെടെ കേസില്‍ 14 പ്രതികളാണുള്ളത്. 2019 ഏപ്രില്‍ 24ന് വിചാരണ തുടങ്ങി മൂന്നുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 30നു വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ 113 സാക്ഷികളെ വിസ്തരിക്കുകയും 238 രേഖകളും 50ലേറെ തെളിവുകളും പരിശോധിച്ചു.

2018 മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണിനില്ലെന്ന് കാണിച്ച് പിതാവ് ജോസഫ് ഗാന്ധിനഗര്‍ പോലിസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് അകമ്പടി പോവണമെന്ന കാരണം പറഞ്ഞ് പോലിസ് പരാതി അവഗണിച്ചത് വന്‍ വിവാദമായി. തുടര്‍ന്നാണു നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 13 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. അന്വേഷണത്തിനിടെ കെവിന്റെ സുഹൃത്ത് അനീഷിനെ ഷാനുവും കൂട്ടരും തല്ലിച്ചതച്ച് കോട്ടയത്തിനു സമീപം ക്രാന്തിക്കവലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അനീഷ് പോലിസ് സ്‌റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചെങ്കിലും പോലിസ് നടപടി വൈകി. അതേസമയം, മകളെ കാണാനില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോ പരാതി നല്‍കി. കെവിനോടൊപ്പം പോവാനാണ് ആഗ്രഹമെന്ന് നീനു പറഞ്ഞതോടെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു.

2018 മെയ് 28നു പുലര്‍ച്ചെ തെന്മല ചാലിയക്കരയിലെ തോട്ടിലാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഘത്തിലുണ്ടായിരുന്ന നിയാസും റിയാസും പിടിയിലായതിനു പിന്നാലെ ക്വട്ടേഷന്‍ നല്‍കിയ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും അറസ്റ്റിലായി. കെവിന്‍ ജോസഫിനെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് കണ്ടെത്തല്‍. എന്നാല്‍, മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ബലമായി വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫോറന്‍സിക് റിപോര്‍ട്ടില്‍ വ്യക്തമായി. മുങ്ങിമരണമല്ല, കൊലപാതകമാണെന്ന് പോലിസ് സര്‍ജന്‍മാരും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാവുമെന്നു പറഞ്ഞാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോ അയച്ച വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, കെവിന് നീനുവിനെ വിവാഹം ചെയ്തുനല്‍കാമെന്ന് പിതാവ് ചാക്കോ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞതിനാല്‍ ദുരഭിമാനക്കൊലയുടെ പരിധിയില്‍ വരില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. നീനു കെവിന്റെ വീട്ടില്‍ താമസിച്ച് ബിരുദപഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ചെലവില്‍ ഇപ്പോള്‍ കേരളത്തിനു പുറത്ത് എംഎസ്ഡബ്ലുവിനു പഠിക്കുകയാണ്. കേസില്‍ ആകെ 12 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് ദുരഭിമാനക്കൊലയെന്ന് കോടതി കണ്ടെത്തുകയാണെങ്കില്‍ കേരളചരിത്രത്തില്‍ തന്നെ ആദ്യസംഭവമായി മാറും.
Next Story

RELATED STORIES

Share it