Sub Lead

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
X

ന്യൂഡല്‍ഹി: ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ഒരുവര്‍ഷം മുന്‍പാണ് ആന്‍ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുന്‍പാണ് ഈ കപ്പലില്‍ എത്തിയത്.

''ടെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യന്‍ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരില്‍ നിന്നുള്ള ഇന്ത്യന്‍ ഡെക്ക് കേഡറ്റ് ആന്‍ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി.'' – വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ടെഹ്‌റാനിലെ ഇന്ത്യന്‍ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.



ആന്‍ ടെസയെ കൂടാതെ സെക്കന്‍ഡ് ഓഫിസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), തേഡ് എന്‍ജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.



ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇറാന്‍ കമാന്‍ഡോകള്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയന്‍–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്.







Next Story

RELATED STORIES

Share it