Sub Lead

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ താപനില ഉയര്‍ന്നു; 'കുളിര്' ഓര്‍മയായി കേരളം

ഇനിയുള്ള ദിവസങ്ങളില്‍ ചൂടുകൂടാനാണ് സാധ്യത.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ താപനില ഉയര്‍ന്നു; കുളിര് ഓര്‍മയായി കേരളം
X

തിരുവനന്തപുരം: മുമ്പ് ഡിസംബര്‍, ജനുവരി മാസങ്ങള്‍ മലയാളികളുടെ രാത്രികളും പുലരികളും കുളിരുകോരുന്നതായിരുന്നു. എന്നാല്‍ അതു മാറുകയാണെന്നാണ് കാലാവസ്ഥ വിദഗദ്ധര്‍ നല്‍കുന്ന സൂചന. ഇപ്രാവശ്യത്തെ ക്രിസ്മസിന് കാര്യമായ തണുപ്പുണ്ടായിരുന്നില്ല. ജനുവരിയിലേക്ക് സ്വാഗതം ചെയ്തതാവട്ടെ കനത്ത ചൂടും. കാലം തെറ്റിവന്ന കടുത്ത ചൂടിനെക്കുറിച്ചുള്ള ആശങ്കയാണ് എങ്ങും. ഇനിയുള്ള ദിവസങ്ങളില്‍ ചൂടുകൂടാനാണ് സാധ്യത.

കഴിഞ്ഞതവണ ഈ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുടെ വിസ്മയക്കാഴ്ച ഒരുക്കിയാണ് മൂന്നാര്‍ സന്ദര്‍ശകരെ സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മഞ്ഞില്ല. താപനില എട്ടുഡിഗ്രിയില്‍ താഴ്ന്നിട്ടുമില്ല. മറ്റു പ്രദേശങ്ങളിലാകട്ടെ ചൂട് ശരാശരിയില്‍നിന്ന് മൂന്നുഡിഗ്രിവരെ കൂടുതലാണ്.

ഒരുദിവസത്തെ കുറഞ്ഞ താപനില (പുലര്‍കാലത്ത് രേഖപ്പെടുത്തുന്നത്) കൂടി നല്‍ക്കുന്നതുകൊണ്ടാണ് രാത്രിയിലും രാവിലെയും ഉഷ്ണം അനുഭവപ്പെടുന്നത്. മുപ്പതുവര്‍ഷത്തെ ശരാശരിയെടുത്താല്‍ കുറഞ്ഞ താപനില ഒരു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

കൂടിയ താപനില (ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന പകല്‍ച്ചൂട്) യിലും ഇതാണ് സ്ഥിതി. ഇതോടെ പകലും രാത്രിയും ഒരുപോലെ ചൂടുതന്നെ. ഇപ്പോള്‍ ചൂടുകൂടാന്‍ പല കാരണങ്ങളുണ്ട്. ഇത്തവണ കൂടുതല്‍ മഴയും കൂടുതല്‍ മേഘാവൃതവുമായ അന്തരീക്ഷമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. അങ്ങനെവരുമ്പോള്‍ ചൂടുകൂടിയേ നില്‍ക്കൂ. താപനില ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ഏതാനും വര്‍ഷമായി ഫെബ്രുവരി മുതല്‍ കേരളത്തിലെ താപനില സാധാരണയില്‍നിന്ന് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില കൂടിനില്‍ക്കുന്ന അവസ്ഥ (ഇന്ത്യന്‍ ഓഷന്‍ ഡയപോള്‍) തുടരുകയാണെന്ന് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറ്റ്‌മോസ്ഫറിക് സയന്‍സസിലെ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ഇത് കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റമാണ് ഇവിടെയും ചൂടുകൂടാന്‍ കാരണം.

Next Story

RELATED STORIES

Share it